കടുത്ത ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയെന്നും അതിന്റെ ഭാഗമായി നിരവധി സിനിമകൾക്ക് വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി. വൃക്കരോഗം ബാധിച്ച് മരണംവരെ മുന്നിൽ കണ്ട അവസ്ഥയെക്കുറിച്ചും ചികിത്സയ്ക്ക് ശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും റിയ ചക്രവർത്തിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് താരം വെളിപ്പെടുത്തിയത്.
വൃക്കകൾ തകരാറിലായതിനെ തുടർന്ന് തനിക്ക് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ 70 ശതമാനം സാധ്യതയുണ്ടായിരുന്നെന്നും, മരണത്തിനുള്ള സാധ്യത 30 ശതമാനമായിരുന്നെന്നും റാണ ദഗുബാട്ടി പറഞ്ഞു. ആദ്യമായി രോഗനിർണയം നടത്തിയപ്പോൾ അത് വലിയ ഞെട്ടലായിരുന്നു. അതിജീവിക്കുക എന്നതായിരുന്നു ആ സമയത്തെ തന്റെ ഏക ലക്ഷ്യം. കരിയറിൽ ഒരു സിനിമ വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം മോശമായതെന്നും, ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തോളം അമേരിക്കയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷം തിരികെ എത്തിയപ്പോൾ, രോഗവും ചികിത്സയും മരുന്നുകളും തന്റെ ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഈ രൂപമാറ്റവുമായി പൊരുത്തപ്പെടാൻ തനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആരോഗ്യപ്രശ്നങ്ങൾക്ക് മുമ്പ് ഒപ്പുവെച്ച പല സിനിമകളുടെയും അഡ്വാൻസ് തുക ഈ രൂപമാറ്റം കാരണം തിരികെ നൽകേണ്ടി വന്നുവെന്നും റാണ വെളിപ്പെടുത്തി. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി' എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ റാണ ദഗുബാട്ടി
Advertisement
Advertisement
Advertisement