ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-അസോസിയേഷന്‍ ലോബിയെ തുറന്നുകാട്ടിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എ. ഹര്‍ഷാദിന്റെ സ്വയം വിരമിക്കല്‍ ഭരണകൂടത്തിന് നാണക്കേടായി മാറുന്നു. മികച്ച സേവനത്തിന് ഗുഡ് സര്‍വീസ് എന്‍ട്രി വാങ്ങിയ ഒരു ഉദ്യോഗസ്ഥനെ, അഴിമതിക്കാരെ സംരക്ഷിക്കാന്‍ വേണ്ടി മന്ത്രിതലത്തില്‍ ഇടപെട്ട് സ്ഥലം മാറ്റിയതും പീഡിപ്പിച്ചതുമാണ് ഹര്‍ഷാദിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. സേനയിലെ റീല്‍സ് സ്റ്റാറുകളായ പുത്തന്‍ തലമുറ എസ്.ഐമാരുടെ തനിനിറം പുറത്തുകൊണ്ടുവന്നതാണ് ഹര്‍ഷാദ് ചെയ്ത 'തെറ്റ്'.
സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇട്ട് വൈറലാകുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകളില്‍ നടത്തുന്ന അഴിമതിയുടെയും തോന്ന്യാസങ്ങളുടെയും കണക്കുകള്‍ ഹര്‍ഷാദ് എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എസ്.പി ഓഫീസില്‍ നിന്ന് ഈ റിപ്പോര്‍ട്ട് അഴിമതിക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതോടെയാണ് വേട്ടയാടല്‍ തുടങ്ങിയത്. രാഷ്ട്രീയ സ്വാധീനമുള്ള പോലീസ് അസോസിയേഷന്‍ നേതാക്കള്‍ മന്ത്രിതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഹര്‍ഷാദിനെ കിഴക്കേ കല്ലട സ്റ്റേഷനിലേക്ക് നാടുകടത്തി. പ്രതികാര നടപടി പരിധിവിട്ടതോടെ, സത്യത്തിന് വേണ്ടി നിലകൊണ്ടതിന് തനിക്ക് ലഭിച്ച സമ്മാനമാണിതെന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് ആറര വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെ അദ്ദേഹം പടിയിറങ്ങിയത്.
മൂന്ന് ലക്ഷം രൂപയുടെ കേബിള്‍ മോഷ്ടിച്ച കേസില്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച അസോസിയേഷന്‍ നേതാക്കളുടെ കള്ളി ഹര്‍ഷാദ് പൊളിച്ചിരുന്നു. കൈക്കൂലി വാങ്ങിയ വിവരം പുറത്തറിയാതിരിക്കാന്‍ സ്റ്റേഷനിലേക്ക് 15,000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ വാങ്ങിച്ച് പ്രതികളെ വിട്ടയച്ച 'ബുദ്ധി' ഞെട്ടിക്കുന്നതാണ്. നിരപരാധിയായ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പോലീസ് തന്നെ കഞ്ചാവ് കൊണ്ടിട്ട സംഭവവും ഹര്‍ഷാദ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിനാണ് ഇന്ന് ഒരു ഉദ്യോഗസ്ഥന്‍ കണ്ണീരോടെ വിരമിക്കേണ്ടി വന്നത്.
കാക്കി ഊരിവെച്ചെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെറുതെ വിടാന്‍ ഹര്‍ഷാദ് ഒരുക്കമല്ല. തന്നെ വേട്ടയാടിയ റീല്‍സ് എസ്.ഐമാര്‍ക്കും അസോസിയേഷന്‍ നേതാക്കള്‍ക്കുമെതിരെ ശക്തമായ നിയമപോരാട്ടം അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. നീതിമാന്മാര്‍ക്ക് രക്ഷയില്ലാത്ത ഈ പോലീസ് സേനയില്‍ ഇനിയും എത്ര പേര്‍ ബലിയാടാകേണ്ടി വരും എന്ന ചോദ്യമാണ് ഇപ്പോള്‍ കേരള സമൂഹം ചോദിക്കുന്നത്.
നീതിയും സത്യവും മുറുകെ പിടിക്കുന്ന പോലീസുകാരന് കേരളത്തില്‍ കാക്കി യൂണിഫോം അഴിച്ചുവെക്കേണ്ടി വരുമെന്ന ഞെട്ടിക്കുന്ന സത്യമാണ് കൊല്ലത്ത് നിന്ന് പുറത്തുവരുന്നത്
Advertisement
Advertisement
Advertisement