ഭദ്രാസന കൗണ്‍സിലും സെക്രട്ടറിയും ഈ വിഷയത്തില്‍ അതൃപ്തി അറിയിച്ചു. അതീവ രഹസ്യമായി വയ്ക്കണമെന്ന് പറഞ്ഞ പരിപാടി ചില വൈദികര്‍ വാട്സാപ്പ് സ്റ്റാറ്റസും ഫേസ്ബുക്ക് പോസ്റ്റും ഇട്ടതോടെയാണ് സംഭവം പുറത്തിറഞ്ഞതും സഭയില്‍ എതിര്‍പ്പ് രൂക്ഷമായിരിക്കുന്നതും.
ആറന്മുളയില്‍ വീണ്ടും സീറ്റ് ലക്ഷ്യമിട്ട് ആണ് വിണയും മുന്‍ സഭാ സെക്രട്ടറിയായ ഭര്‍ത്താവ് ജോര്‍ജി ജോസഫും ഈ പരിപാടി നടത്തിയത് എന്നാണ് വിമര്‍ശനം.
108 വൈദികരാണ് ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ഉള്ളത്. ഇതില്‍ ഒരു റമ്പാനും മൂന്ന് കോര്‍ എപ്പിസ്‌കോപ്പമാരും അടക്കം 35 പേരെയാണ് ടൂറിസ്റ്റ് ബസില്‍ വിഴിഞ്ഞത്ത് എത്തിച്ചത്. കോളജ് പഠനകാലത്ത് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്ന വൈദികരാണ് നേതൃത്വം നല്‍കിയത്. ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. പളളിവികാരി ലെസല്‍ പി. ചെറിയാനാണ് ഇതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്.
വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ മന്ത്രി നേരിട്ടെത്തിയാണ് വൈദികര്‍ക്ക് സന്ദര്‍ശനത്തിന് അവസരം ഒരുക്കിയത്. തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണവും നല്‍കി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ഭര്‍ത്താവ് ജോര്‍ജി ജോസഫ് എന്നിവര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കുന്ന പടങ്ങള്‍ പുറത്തു വിട്ടാലും അത്താഴ വിരുന്നിന്റെ ചിത്രങ്ങള്‍ ആരെയും കാണിക്കരുതെന്ന് കര്‍ശന നിര്‍ദേശം വൈദികര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ചില വൈദികര്‍ ഇത് ഫേസ്ബുക്കില്‍ പങ്കു വയ്ക്കുകയും വാട്സാപ്പ് സറ്റാറ്റസ് ആക്കുകയും ചെയ്തു.
ഇതോടെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പുയര്‍ന്നു. കൗണ്‍സിലില്‍ നിന്നുള്ള ഒരു വൈദികന്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. മറ്റ് അംഗങ്ങള്‍, ഭദ്രാസന സെക്രട്ടറി എന്നിവര്‍ കടുത്ത പ്രതിഷേധത്തിലാണ്.