breaking news New

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

രോഗം വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്നതിനാൽ മുൻകരുതൽ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

പ്രധാന ലക്ഷണങ്ങൾ:
കഠിനമായ പനി, ക്ഷീണം, ശരീരവേദന, തലവേദന.
വിശപ്പില്ലായ്മയും തൊണ്ടവേദനയും.
മുഖം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ പ്രത്യക്ഷപ്പെടുക.

പകരുന്ന രീതി:
കുമിളകളിലെ സ്രവങ്ങൾ വഴിയോ രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയോ രോഗം പകരാം. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിശ്രമം: രോഗി വായുസഞ്ചാരമുള്ള മുറിയിൽ പൂർണ്ണ വിശ്രമം എടുക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണം.

ശുചിത്വം: രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങളും സാധനങ്ങളും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം.
ഭക്ഷണം: ധാരാളം വെള്ളം കുടിക്കുകയും പഴവർഗ്ഗങ്ങൾ കഴിക്കുകയും വേണം.

പ്രത്യേക ശ്രദ്ധ: ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്ക് ചിക്കൻ പോക്സ് വന്നാൽ അത് ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ നൽകണം.

ചൊറിച്ചിൽ കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം കലാമിൻ ലോഷൻ ഉപയോഗിക്കാം. രോഗം പൂർണ്ണമായും ഭേദമാകാതെ കുട്ടികളെ സ്കൂളിലോ അങ്കണവാടിയിലോ അയക്കരുതെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5