breaking news New

കാർഷിക പൈതൃകം വിളിച്ചോതി പത്തനംതിട്ട കല്ലൂപ്പാറ വിത്തു വേലി ചന്ത

കല്ലൂപ്പാറ :
മധ്യ തിരുവിതാംകൂറിലെ പ്രധാന കാർഷിക മേഖലയായിരുന്ന പത്തനംതിട്ട കല്ലൂപ്പാറയുടെ പ്രതാപം വിളിച്ചോതി വിത്തു വേലി ചന്ത.

കറുത്ത വടശ്ശേരിക്കടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ ഇന്നലെ നടന്ന വിത്തു വേലിചന്ത കൃഷി സ്നേഹികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പുതുതലമുറക്ക് അന്യമായതും പഴയ തലമുറക്ക് കേട്ടറിവു മാത്രവുമുള്ള കാർഷിക വിളകളെ പരിചയപ്പെടാനും അവയുടെ നടീൽ വസ്തുക്കൾ ലഭ്യമായതുമായിരുന്നു ചന്തയുടെ സവിശേഷത.

ചെറുകിഴങ്ങിൻ്റെ കുടുംബത്തിൽപെട്ട മുൾക്കിഴങ്ങായിരുന്നു താരം. കിഴങ്ങു വിളകളിൽ പന്നി ആക്രമിക്കാത്തതെന്നതാണ് ഇതിന് കർഷകർക്ക് ഇടയിൽ സ്വീകാര്യത ലഭിക്കാൻ കാരണം. കിഴങ്ങു പാകമാകുന്നതോടെ മുകളിൽ മണ്ണിനടിയിലായി രൂപപ്പെടുന്ന മുൾ കവചം പന്നികൾ ഉൾപ്പെടെയുള്ള വന്യജീവികളിൽ നിന്ന് വിളയെ സംരക്ഷിക്കുന്നു.

അടൂത്തകാലത്തായി മലയോരമേഖലയിൽ ഇതിൻ്റെ കൃഷി വ്യാപിക്കുകയാണ്. എന്നാൽ ആവശ്യത്തിന് നടീൽ വസ്തുക്കൾ ലഭ്യമല്ലെന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി. മുൾക്കിഴങ്ങിനായി പാലക്കാട് ജില്ലയിൽ നിന്നുവരെ കർഷകരെത്തി. ആവശ്യക്കാർ ഏറിയതോടെ മുൾക്കിഴങ്ങ്, അടതാപ്പ് തുടങ്ങിയവയുടെ നടീൽ വസ്തുക്കളുടെ വിൽപ്പന പരിമിതപ്പെടുത്തി.

പത്തിലധികം ഇനം കാച്ചിലുകൾ, ചെറുകിഴങ്ങ്, നനകിഴങ്ങ്, വൻ കിഴങ്ങ്, വിവിധ തരം ചേമ്പുകൾ, നാരില്ലാപയർ, എട്ടുമണി പയർ, ആനക്കൊമ്പൻ വെണ്ട, മാരാരിക്കുളം വഴുതന ഉൾപ്പെടെ നാടൻ പച്ചക്കറി ഇനങ്ങളുടെ വിത്തുകൾ, രുദ്രാക്ഷ പ്ലാവ് തുടങ്ങിയ അപൂർവയിനം വൃക്ഷങ്ങളുടെ തൈകളും ചന്ത ശ്രദ്ധേയമാക്കി.

വിവിധതരം ഭക്ഷ്യവിഭവങ്ങൾ , കര കൗശല വസ്തുക്കൾ എന്നിവയുടെ വിപണനവും നടന്നു.

ഗിന്നസ് റെക്കോർഡ് ജേതാവായ കർഷകൻ ജെയിംസ് ഏബ്രഹാമും പഞ്ചായത്തിലെ മുതിർന്ന കർഷക തൊഴിലാളി തങ്കമ്മ പെരുമണ്ണിക്കാലായിലും ചേർന്ന് ചന്ത ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്ഞാനമണി മോഹൻ, വൈസ് പ്രസിഡൻ്റ് അജിത , ജില്ലാ പഞ്ചായത്ത് അംഗം ഡോ : ബിജു ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ ,ടി.ടി മനു, ഗിരി കുമാർ, സംഘാടക സമിതി ഭാരവാഹികളായ സി.കെ. മത്തായി, ലെജു ഏബ്രഹാം, വി ജോയ് പുത്തോട്ടിൽ, സതീഷ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5