വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വര്‍ണാഭരണങ്ങളും ലാപ്‌ടോപ്പും വിദേശ കറന്‍സിയും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയി. ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വലിയവീട്ടില്‍ ഷാരോണ്‍ വില്ലയില്‍ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം ഇവര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ ഗേറ്റിന്റെ പൂട്ട് അറത്തു മാറ്റിയശേഷം പ്രധാന വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
യു.കെ.യില്‍ താമസമായിരുന്ന ജോസും കുടുംബവും രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. 20 പവന്‍ സ്വര്‍ണം, ലാപ്‌ടോപ്പ്, പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സൂക്ഷിച്ചിരുന്ന ബാഗ്, 25 യു.കെ. പൗണ്ട് (ഏകദേശം 30,000 രൂപ മൂല്യം) എന്നിവ നഷ്ടപ്പെട്ടതായി ജോസ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മുറികളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
ബന്ധുവീട്ടില്‍ പോയ സമയത്ത് രാത്രിയില്‍ വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്നയാള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ എത്തിയപ്പോഴാണ് ഗേറ്റും വാതിലും തുറന്നുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന്, ഇവര്‍ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വീടിനുള്ളിലെ അലമാരകള്‍ കുത്തിപ്പൊളിച്ച് ലോക്കര്‍ തകര്‍ത്ത നിലയിലാണ്. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി. രജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയില്‍നിന്നുള്ള വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍നിന്ന് മണംപിടിച്ചിറങ്ങിയ പോലീസ് നായ ഏകദേശം ഒരു കിലോമീറ്ററോളം ഓടി മാന്നാര്‍-മാവേലിക്കര സംസ്ഥാനപാതയിലെത്തി നിന്നു. മോഷണത്തിനുശേഷം സംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി മാന്നാര്‍ പോലീസ് അറിയിച്ചു.
ആലപ്പുഴ ചെന്നിത്തലയില്‍ പ്രവാസിയുടെ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
Advertisement
Advertisement
Advertisement