തിരുവനന്തപുരം : കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമായ യുസിമാസ് (UCMAS) സംഘടിപ്പിച്ച ആറാമത് കേരള സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പുരസ്കാരം ലിയ ഫാത്തിമയ്ക്ക് (യുസിമാസ് മെഡിക്കൽ കോളേജ് റോഡ് തിരുവനതപുരം).
ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ലിയ ഫാത്തിമ ഈ അഭിമാന നേട്ടം കൈവരിച്ചത്. 11,000 രൂപയും ട്രോഫിയും സമ്മാനദാനച്ചടങ്ങിൽ വിജയിക്ക് സമ്മാനിച്ചു. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മലപ്പുറം സ്വദേശികളായ മുഹമ്മദ് അലി-സുഫൈജ മുസ്തഫ ദമ്പതികളുടെ മകളുമാണ് ലിയ.
കരകുളം വിദ്യാധിരാജ എൽ.പി.എസ് പ്രിൻസിപ്പാൾ അനീഷ് ജെ. പ്രയാഗും അയിനിമൂട് മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ പ്രിൻസിപ്പാൾ ഗിരിജാംബികയും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.
ഫൗണ്ടേഷൻ ലെവൽ മുതൽ ഗ്രാൻഡ് ലെവൽ വരെയുള്ള എട്ട് തലങ്ങളിലായി വിഷ്വൽ, ലിസണിംഗ് , ഫ്ലാഷ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ ലെവലുകളിൽ മികവ് തെളിയിച്ചവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കുട്ടികളിലെ ആത്മവിശ്വാസം, ഏകാഗ്രത, സർഗ്ഗാത്മകത എന്നിവ വർദ്ധിപ്പിക്കുന്നതിൽ യുസിമാസ് പരിശീലനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് യുസിമാസ് കേരള ഡയറക്ടർ സിന്ധു പ്രേംനാഥ് നായർ പറഞ്ഞു.
ഗണിതശാസ്ത്രത്തോടുള്ള ഭയം നീക്കി, വേഗത്തിലും കൃത്യതയോടെയും കാര്യങ്ങൾ ഗ്രഹിക്കാൻ ഇത്തരം മത്സരങ്ങൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നും അവർ പറഞ്ഞു.
കാൽക്കുലേറ്ററുകളെക്കാൾ വേഗത്തിൽ സങ്കീർണ്ണമായ ഗണിതപ്രശ്നങ്ങൾക്ക് മനസ്സിൽ ഉത്തരം കണ്ടെത്തുന്ന കൊച്ചുപ്രതിഭകളുടെ പ്രകടനം കാണികളെ ഏറെ അത്ഭുതപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
യുസിമാസ് സംസ്ഥാനതല അബാക്കസ് മത്സരം : ലിയ ഫാത്തിമ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്
Advertisement
Advertisement
Advertisement