breaking news New

തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസ്സുകാരൻ്റെ മരണം കൊലപാതകം !!

കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4)ൻ്റെ മരണം ആണ് കൊലപാതകം എന്ന് കണ്ടെത്തിയിരിക്കുന്നത്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് മുന്നി ബീഗം (23), ഇവരുടെ സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ കൊലപാതകത്തിന് വകുപ്പുകൾ ചേർക്കും.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് കുട്ടിയെ മാതാവും സുഹൃത്തും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയ്ക്ക് ആഹാരം നൽകി ഉറക്കിയ കുട്ടി വൈകുന്നേരം അനക്കമില്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ശരീരം തണുത്ത അവസ്ഥയിലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി.

കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ട ഡോക്ടർക്ക് അസ്വാഭാവികത തോന്നുകയും ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ മറ്റോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാം ഈ പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ തങ്ങൾക്ക് കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും ആദ്യം മൊഴി നൽകിയത്. കൊലപാതകത്തിൽ മാതാവിനുള്ള പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്. ഇവർ നേരത്തെയും ഈ ലോഡ്ജിൽ താമസിച്ചിരുന്നതായി വിവരമുണ്ട്. ഫോറൻസിക് വിഭാഗം ലോഡ്ജിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു

മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5