നിലവിലെ ഡാറ്റാ ട്രാൻസ്ഫർ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഇരു കമ്പനികളും ഒരു പുതിയതും കൂടുതൽ കാര്യക്ഷമവുമായ സംവിധാനം വികസിപ്പിച്ചെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ വിവരങ്ങൾ ഐഫോണിലേക്ക് മാറ്റണമെങ്കിൽ 'Move to iOS' എന്ന ആപ്പ് ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ ഈ ആപ്പ് ഉപയോഗിച്ചുള്ള ഡാറ്റാ കൈമാറ്റം മിക്കപ്പോഴും അപൂർണ്ണമാവുകയും, ചിത്രങ്ങളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള പല വിവരങ്ങളും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട്, പുതിയ ഫോൺ ആദ്യമായി സെറ്റപ്പ് ചെയ്യുന്ന ഘട്ടത്തിൽത്തന്നെ ഡാറ്റാ ട്രാൻസ്ഫർ സുഗമമാക്കുന്നതിനുള്ള പുതിയ ഫീച്ചറാണ് ഇരു കമ്പനികളും ചേർന്ന് വികസിപ്പിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവ കൂടാതെ ആപ്പ് ഡാറ്റ, നോട്ടിഫിക്കേഷൻ പ്രിഫറൻസുകൾ, മറ്റ് പ്രധാനപ്പെട്ട സിസ്റ്റം സെറ്റിംഗ്‌സുകൾ എന്നിവ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യാൻ സാധിക്കും. സുരക്ഷിതമായ വയർലെസ് കൈമാറ്റത്തിനായി സെഷൻ ഐ.ഡിയും പാസ്‌കോഡും ഉപയോഗിച്ചുള്ള സംവിധാനമാണ് ഇപ്പോൾ പരീക്ഷിക്കപ്പെടുന്നത്.
ഈ പുതിയ ഫീച്ചർ നിലവിൽ ഗൂഗിളിന്റെ പിക്‌സൽ ഉപകരണങ്ങൾക്കായുള്ള ആൻഡ്രോയിഡ് കാനറി ബിൽഡിൽ (ബീറ്റാ പതിപ്പ്) ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇത് ഐ.ഒ.എസ് 26-ന്റെ അടുത്ത ഡെവലപ്പർ ബീറ്റാ പതിപ്പിൽ ആപ്പിളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ സംവിധാനം സാധാരണ ഉപയോക്താക്കളിലേക്ക് എത്തുന്നതിന്റെ ഔദ്യോഗിക സമയപരിധി ഇരു കമ്പനികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും മാസങ്ങളിൽ ഈ ഫീച്ചർ പൂർണ്ണതോതിൽ പുറത്തിറങ്ങുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഐഫോണിലേക്കുള്ള ഡാറ്റാ കൈമാറ്റം കൂടുതൽ എളുപ്പവും തടസ്സമില്ലാത്തതുമാക്കാൻ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു
Advertisement
Advertisement
Advertisement