breaking news New

‘സമാന്തരങ്ങള്‍’ എന്ന സിനിമയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവര്‍ ചേര്‍ന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍

ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് സമാന്തരങ്ങള്‍. എന്നാല്‍ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി ചിത്രത്തിന് ലഭിക്കേണ്ടതായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാധ്യമസംവാദത്തിലായിരുന്നു ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തല്‍. ”പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ എന്നെ വന്ന് പരിചയപ്പെട്ട ഖണ്ഡേല്‍വാള്‍ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.”

”ഭാര്യ നിര്‍മ്മിച്ച ‘സമാന്തരങ്ങള്‍’ക്ക് മികച്ച സിനിമയ്ക്കും എനിക്ക് മികച്ച സംവിധായകനും നടനുമുള്ള അവാര്‍ഡുകള്‍ നല്‍കാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്‌കാരം എനിക്ക് മാത്രമായിരുന്നു. എന്നാല്‍, തീരുമാനം ഉറപ്പിക്കുന്ന ഘട്ടം എത്തിയപ്പോള്‍ 3 പ്രധാന അവാര്‍ഡുകളും ഒരു സിനിമയ്ക്ക് നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് ഏതാനും പേര്‍ അട്ടിമറിച്ചെന്ന് ഖണ്ഡേല്‍വാള്‍ പറഞ്ഞു.”
”ആ അട്ടിമറിയില്‍ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നുവെന്നത് ഞെട്ടിച്ചെന്നും ഖണ്ഡേല്‍വാള്‍ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല” എന്നാണ് ബാലചന്ദ്ര മേനോന്റെ വാക്കുകള്‍.

അതേസമയം, 1997ല്‍ ആണ് ‘സമാന്തരങ്ങള്‍’ ദേശീയ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയത്. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും (കളിയാട്ടം) പങ്കിട്ടു. കളിയാട്ടത്തിലൂടെ ജയരാജിനാണ് സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5