പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിൽ പൂവപ്പുഴ ചെക്ക്ഡാമാണ് നിരവധി യുവാക്കളുടെ ജീവൻ അപഹരിച്ചത്. ഈ പ്രദേശങ്ങളിലെ മുന്നറിയിപ്പ് ബോർഡുകളെയും സമീപ വാസികളുടെ വാക്കുകളെയും അവഹേളിച്ച് ആറ്റിൽ കുളിക്കാൻ ഇറങ്ങുന്ന പ്രദേശവാസികളായ എട്ട് പേരും പൂവപുഴ ചെക്ക് ഡാം കാണാൻ എത്തിയ ഒരാളുമടക്കം ഒൻപതോളം ആളുകളാണ് ഇവിടെ മരണപ്പെട്ടത്.
മണിമല ആറിനോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നതിൻ്റെ അടിസ്ഥാനത്തിൽ കേരള
ജലസേജന വകുപ്പാണ് ചെക്ക്ഡാം പണികഴിപ്പിച്ചത്. ഇതോടു കൂടി ജലക്ഷാമത്തിന് പരിഹാരമായെങ്കിലും പ്രദേശത്ത് അപകട സാധ്യത വർദ്ധിക്കുകയും ദുരന്തങ്ങൾക്ക് വഴി ഒരുക്കുകയുമായിരുന്നു.
ചെക്ക്ഡാം നിർമ്മാണ ശേഷം പ്രദേശത്ത് ഒഴുക്കിൻ്റെ ശക്തി വർദ്ധിച്ചതും അപകടങ്ങൾക്ക് വഴി ഒരുക്കി. ചെക്ക് ഡാമിൻറെ അശാത്രീയമായ എഞ്ചിനീയറിങ് വർക്കും പ്രദേശത്തെ ദുരിതത്തിലാഴ്ത്തുന്നു.
അതിശക്തമായ ഒഴുക്കിനെ തുടർന്ന് ചെക്ക് ഡാമിൻറെ താഴ് ഭാഗത്തുള്ള സ്ലാബുകൾ പൂർണമായും തകരുകയും സ്ലാബ് വാർക്കാൻ ഉപയോഗിച്ച കമ്പികൾ അടക്കം ചെക്ക്ഡാമിൻ്റെ പരിസര ഭാഗങ്ങളിൽ അപകടകരമായ് നിൽക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ ഒഴുക്കിൽപ്പെടുന്ന ആളുകൾക്കായ് ഉള്ള രക്ഷാപ്രവർത്തനം നടത്തുന്നതിനും ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിശക്തമായ ഒഴുക്കിൽ ഇളകി മാറിയ പാറ കഷ്ണങ്ങളും തറച്ചു നിൽക്കുന്ന കമ്പികളും സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള റോഡിൻ്റ ശോചനീയാവസ്ഥയും രക്ഷാപ്രവർത്തനത്തിന് എത്തുന്ന അഗ്നി രക്ഷാ സേനയ്ക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
മണിമലയാറ്റിൽ ക്രമാദിതമായി ജലനിരപ്പ് ഉയരുന്നതും അതിശക്തമായ ഒഴുക്കും പ്രദേശത്ത് സംരക്ഷണ ഭിത്തികളുടെ ജീർണ്ണാവസ്ഥക്ക് കാരണമായി. ഇപ്പോൾ ഏത് നിമിഷവും സംരക്ഷണ ഭിത്തികൾ ആറ്റിലേക്ക് പതിക്കുന്ന അവസ്ഥയിലാണ് ഉള്ളത്.
അധികാരികളുടെ അനാസ്ഥയെ ചൂണ്ടിക്കാണിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും അപകടങ്ങൾ തുടർക്കഥകൾ ആകുന്ന ഈ പ്രദേശത്തെ അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നിന്നും അതി മനോഹരമായ ഈ പ്രദേശത്തെപ്പറ്റി അറിയുന്ന ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്. അവരിൽ ഭൂരിഭാഗവും യുവാക്കളും പ്രണയജോഡികളായ വിദ്യാർഥികളുമാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഈ പ്രദേശത്ത് നടക്കാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ