breaking news New

ശബരിമല ശ്രീകോവിലിന്റെ വാതില്‍ ബെംഗളൂരുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശിപ്പിച്ചതിനും തെളിവുകള്‍

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണം പൂശിയതിന് ശേഷം വാതിലുകള്‍ ബെംഗളൂരുവില്‍ എത്തിച്ചത്. ബെംഗളൂരുവിലെ ശ്രീറാം പുര അയ്യപ്പ ക്ഷേത്രത്തിലാണ് വാതിലുകള്‍ പ്രദര്‍ശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചു.

ശ്രീറാംപുരയില്‍ പ്രത്യേക പൂജകള്‍ നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേഷ് റാവുവും ചേര്‍ന്നാണ് സ്വര്‍ണം പൂശിയ വാതില്‍ എത്തിച്ചത്. സ്വര്‍ണം പൂശിയത് ചെന്നൈയില്‍ എന്ന് രമേഷ് റാവു വ്യക്തമാക്കി. വാതില്‍ നിര്‍മിച്ചതും ബെംഗളൂരുവിലാണ്. ദാരുശില്‍പി നന്ദകുമാര്‍ നിര്‍മിച്ചതാണ് വാതില്‍.

അതേസമയം ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് വിവരം. സന്നിധാനത്ത് ആളെയെത്തിച്ച് പീഠത്തിന്റെ അളവെടുക്കാന്‍ പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി. 2020ല്‍ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിന്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോള്‍ സുഹൃത്തിന് കൈമാറി. ഈ പീഠമാണ് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.

2019ല്‍ സ്വര്‍ണം പൂശിയ പീഠത്തിന്റെ തിളക്കം മങ്ങിയെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും സ്വര്‍ണം പൂശാമെന്ന് പോറ്റി കത്ത് നല്‍കിയത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടുണ്ടെന്നതിനും തെളിവു പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്‌ഐടി സംഘത്തിന് ലഭിച്ചു. ഇടപാടുകളുടെ ആധാരങ്ങള്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ എസ്‌ഐടി സംഘം പിടിച്ചെടുത്തു.

നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. വീട്ടില്‍ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നിര്‍ണായക രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും കണ്ടെത്തി. 2020നുശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നല്‍കി തുടങ്ങിയതെന്നാണ് കണ്ടെത്തല്‍. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക സ്രോതസില്‍ അടിമുടി ദുരൂഹത തുടരുകയാണ്.

അതേസമയം, കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും കണ്ടെത്തിയത്. ഇവ ശബരിമലയില്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ ബാക്കിയാണോ എന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പോറ്റിയുടെ വീട്ടിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു.

ചില രേഖകള്‍ നശിപ്പിച്ചെന്ന സംശയത്തില്‍ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വീട്ടില്‍ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെ പരിശോധന എസ്‌ഐടി നടത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t