breaking news New

കൊച്ചിയിലെ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടില്‍ താമസിച്ചിരുന്ന ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണത്തില്‍ മകന്‍ പരാതി നല്‍കിയതോടെ ശക്തമായ പരിശോധന ആരംഭിച്ച് പോലീസ്

കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ വച്ച് തന്നെ മരിക്കുകയായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാട്ടി മകന്‍ ബിനോയ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തങ്കമണിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍ പറഞ്ഞു.

മകന്റെ പരാതിയില്‍ ഫോണില്‍ നടന്ന സംഭാഷണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. തങ്കമണിയുടെ അടുത്ത ബന്ധു വിഷം നല്‍കിയെന്നതുള്‍പ്പെടെയുള്ള പരാതിയാണ് മകന്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ സംഭാഷണം നടത്തുന്നതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തങ്കമണിയുടെ ബന്ധു പ്രസാദമെന്ന് പറഞ്ഞ് ഭക്ഷണത്തില്‍ പലതവണയായി വിഷം ചേര്‍ത്തിരുന്നതായാണ് മകന്റെ പരാതി. ഫോണ്‍ സംഭാഷണത്തില്‍ വിഷം സാവധാനം ശരീരത്തില്‍ ബാധിക്കുന്ന രീതി വിവരിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ വിഷം നല്‍കിയതുകൊണ്ട് തങ്കമണിക്ക് ഫാറ്റിലിവറും അതുവഴി ലിവര്‍ സിറോസിസിനും കാരണമായതായാണ് മകന്‍ പരാതിയില്‍ പറയുന്നത്.

വിഷം നല്‍കിയെന്ന് പറഞ്ഞ് തങ്കമണി മുന്‍പ് പറവൂര്‍ പോലീസിലും റൂറല്‍ എസിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ അവിടുന്ന് നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് തങ്കമണി പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ അവിടെയും തങ്കമണിക്ക് രക്ഷയില്ലായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കി. ചൊവ്വാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കവെയാണ് മരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t