ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്.
കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത് താന്‍ വളര്‍ന്ന മണ്ണാണെന്നും, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് വൈകാരിക ഭാരത്തോടെ, ഇത് ഞാന്‍ വളര്‍ന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാന്‍ അന്ന് തീരുമാനിച്ചത് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴില്‍ എന്നാലോചിക്കുമ്പോള്‍ ലാലേട്ടാ എന്ന വിളി കേള്‍ക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോള്‍ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.'' മോഹന്‍ലാല്‍ പറഞ്ഞു.
'എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ. കാണുന്നവര്‍ക്ക് അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്. ഇത് കേരളത്തിന്റെ സ്വീകരണമായി കണക്കാക്കുന്നു. അച്ഛനെയും അമ്മയെയും ഓര്‍ക്കുന്നു, സുഹൃത്തുക്കളെ ഓര്‍ക്കുന്നു. എല്ലാത്തിനും ഉപരി മലയാളഭാഷയെയും സംസ്‌കാരത്തെയും ഞാന്‍ സ്‌നേഹിക്കുന്നു എന്റെ നാടിന്റെ മണ്ണില്‍ ഗംഭീരമായ സ്വീകരണം ഒരുക്കിയ സര്‍ക്കാരിന് നന്ദി.' സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ഏറ്റുവാങ്ങികൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
നേരത്തെ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്ന മലയാളത്തിന്റെ ഇതിഹാസ താരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ഈ പുരസ്‌കാരത്തിലൂടെ ദേശീയതലത്തില്‍ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവര്‍ണ നേട്ടമാണ് ഈ പുരസ്‌കാരം. മൂന്നു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മലയാള സിനിമയ്ക്ക് 100 വയസ്സു തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. 1978ലെ 'തിരനോട്ടം' എന്ന സിനിമ മുതല്‍ കഴിഞ്ഞ 48 വര്‍ഷക്കാലമായി മോഹന്‍ലാല്‍ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തില്‍ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹന്‍ലാല്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നല്‍കിയ ഭാവാനുഭവങ്ങള്‍.
പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകര്‍ച്ചകളായിരുന്നു അതെല്ലാം. അതുകൊണ്ട് നിത്യജീവിതത്തില്‍ ഇടയ്‌ക്കെല്ലാം മോഹന്‍ലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായി. നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആള്‍ട്ടര്‍ ഈഗോയാണ് മോഹന്‍ലാല്‍ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കില്‍ തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തും ആ സ്‌നേഹവും ആദരവും മലയാളികള്‍ മോഹന്‍ലാലിന് നല്‍കിപ്പോരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹന്‍ലാലിന്റേത്. എത്രയോ തവണ ആയാസരഹിതമായ ആ അഭിനയശൈലി മലയാളികള്‍ കണ്ടു. ചിത്രവും കിലുക്കവും വന്ദനവും തേന്മാവിന്‍ കൊമ്പത്തുമെല്ലാം അസാമാന്യമായ ആ മെയ്വഴക്കത്തിനുള്ള ഉദാഹരണങ്ങളാണ്. ജീവിതത്തിന്റെ സമരമുഖങ്ങളിലെല്ലാം തോറ്റുപോവുന്ന, നിരായുധരായ പോരാളികളായ ചില കഥാപാത്രങ്ങള്‍ക്ക് നെഞ്ചുലയ്ക്കുംവിധം ലാല്‍ ജീവന്‍ പകര്‍ന്നപ്പോള്‍ പല മലയാളികളും ആ കഥാപാത്രങ്ങള്‍ക്കൊപ്പം നിശ്ശബ്ദമായി കരഞ്ഞു.
കിരീടവും, ഭരതവും 'കമലദളവും ദശരഥവുമെല്ലാം നാം അങ്ങനെ നെഞ്ചിലേറ്റിയ സിനിമകളാണ്. ഹിസ് ഹൈനസ് അബ്ദുള്ള പോലുള്ള സംഗീതപ്രധാനമായ സിനിമകളില്‍ സെമിക്‌ളാസിക്കല്‍ ഗാനങ്ങള്‍ക്കനുസരിച്ച് സ്വരസ്ഥാനം തെറ്റാതെ ദ്രുതഗതിയില്‍ ചുണ്ട് ചലിപ്പിച്ചും ചടുലമായ ചുവടുകള്‍ വെച്ചും ലാല്‍ ആസ്വാദകരെ വിസ്മയിപ്പിച്ചു. 18-ാം വയസ്സില്‍ തിരനോട്ടം എന്ന പടത്തില്‍ തുടങ്ങി ഈ 65-ാം വയസ്സിലും അദ്ദേഹം തന്റെ അഭിനയസപര്യ അനുസ്യൂതം തുടരുന്നു. കഴിഞ്ഞ 48 വര്‍ഷങ്ങളില്‍ 360ല്‍പ്പരം സിനിമകളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്.
തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്ന് മോഹന്‍ലാല്‍ ...
Advertisement

Advertisement

Advertisement

