സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയർത്തിയത്. ബോക്സ് ഓഫീസ് വിജയത്തിനപ്പുറം, തന്റേതായൊരു സാമ്രാജ്യം തന്നെ ഷാരൂഖ് കെട്ടിപ്പടുത്തിട്ടുണ്ട്.
കാൻസർ ബാധിച്ച് പിതാവ് മീർ താജ് മുഹമ്മദ് ഖാൻ മരിക്കുമ്പോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടർന്നങ്ങോട്ട് കഷ്ടപ്പാടുകൾ താണ്ടി, പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നസമാനമായൊരു ജീവിതം പടുത്തുയർത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്.
2025 ലെ റിച്ച് ലിസ്റ്റ് റിപ്പോർട്ട് പ്രകാരം, ഇന്ന് 12400 കോടിയാണ് ഷാരൂഖിന്റെ ആസ്തി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഷാരൂഖിന്റെ സമ്പത്തിൽ ഗണ്യമായ വളർച്ചയുണ്ടായി. പ്രധാനമായും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ നിക്ഷേപങ്ങളാണ് ഇതിന് കാരണം.
ക്രിക്കറ്റിന് പുറമേ, ഷാരൂഖ് ഖാന്റെ സിനിമാ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ഷാരൂഖിന്റെ സമ്പത്ത് വർദ്ധിപ്പിക്കുന്നു. 2002ൽ സ്ഥാപിതമായ റെഡ് ചില്ലീസ് നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് ഷാരൂഖിന്റെ മൊത്തത്തിലുള്ള സമ്പത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. റെഡ് ചില്ലീസ് എന്റർടൈൻമെന്റിൽ 500ൽ അധികം ആളുകൾ ജോലി ചെയ്യുന്നു എന്നാണ് കണക്ക്.
ലോകമെമ്പാടും ഷാരൂഖിന് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്. ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന 200 കോടി വിലമതിക്കുന്ന മന്നത്ത് എന്ന ആഡംബര ബംഗ്ലാവിനെ കൂടാതെ ലണ്ടനിലെ പാർക്ക് ലെയ്നിൽ ഒരു ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരൂഖിന് സ്വന്തമായുണ്ട്.
ലക്ഷ്വറി വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ ഷാരൂഖിനുണ്ട്. വിവിധ മാധ്യമ സ്രോതസ്സുകൾ പ്രകാരം, ബിഎംഡബ്ല്യു, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഓഡി, ബുഗാട്ടി, റേഞ്ച് റോവർ തുടങ്ങി പ്രശസ്തമായ നിരവധി ലക്ഷ്വറി വാഹനങ്ങൾ ഷാരൂഖിന്റെ ഗ്യാരേജിലുണ്ട്. 12 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോൺ ആണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും മികച്ച ആഡംബര വാഹനം. 9.5 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഫാന്റം, 3.29 കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ വാഹനങ്ങൾ.
ബോളിവുഡിന്റെ സ്വന്തം കിങ് ഖാനാണ് ഷാരൂഖ് : ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ : ലോകത്തിലെ അതിസമ്പന്നരായ നടന്മാരുടെ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കിംഗ് ഖാൻ
Advertisement

Advertisement

Advertisement

