breaking news New

‘ഒറിജിനലാണോ ഈ വാർത്ത ? അവൻ വരുമോ ഇന്ത്യയിലേക്ക് ? ‘ഫൺ’ അല്ലാത്ത ഫൺ ടച്ച് ഒഎസും, ‘OG’ ഒറിജിൻ ഒഎസും

ആപ്പിളിനും സാംസങ്ങിനും ശേഷം ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിക്കുന്ന ബ്രാൻഡ് കൂടിയാണ് വിവോ. വിവോയുടെ കാമറക്കും, ഐക്യൂവിന്‍റെ പെർഫോമൻസിനും വൻ ഫാൻബേസാണ് ഇന്ത്യയിൽ ഉള്ളതും. എന്നാൽ, എല്ലാ സവിശേഷതകളും മികച്ചു നിൽക്കുമ്പോൾ ഒരു കാര്യത്തിൽ മാത്രം ഉപയോക്താക്കൾക്ക് ഒറ്റ അഭിപ്രായമാണ് – ‘ഫൺടച്ച് ഒഎസ് അത്ര ഫൺ അല്ല’.

ഒരു ഓപറേറ്റിങ് സിസ്റ്റത്തിന്റെ പേരിൽ ഇത്രയധികം പഴികേട്ട ബ്രാൻഡുകൾ വേറെയുണ്ടാകില്ല. സാംസങ്, ഓപ്പോ, റിയൽമി, വൺപ്ലസ് തുടങ്ങിയ മറ്റ് ആൻഡ്രോയിഡ് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റവുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ചതല്ല, ഫൺടച്ച് ഒഎസിന്‍റെ ലുക്കും വർക്കും. അതിനാൽ തന്നെ ചൈനയിലെ വിവോ ഫോണുകളിൽ മാത്രം ലഭ്യമായ ഒറിജിൻ ഒഎസ് ആഗോളതലത്തിൽ റിലീസ് ചെയ്യണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. പ്രാർത്ഥനകൾക്ക് ഒടുവിൽ വിവോ ഉത്തരം കേട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സ്മാർട്ഫോൺ, ടെക് മേഖലകളിലെ ഏറ്റവും പുതിയ ലീക്കുകളും വാർത്തകളും പുറത്തുവിടുന്ന അഭിഷേക് യാദവ് എന്ന എക്‌സ് അക്കൗണ്ടിൽ നിന്നുമാണ് ആ വാർത്ത പുറത്തുവന്നത്. ഉടൻ ഒറിജിൻ ഒഎസ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള ഫൺടച്ച് ഒഎസിനെ അപ്ഡേറ്റിലൂടെ മാറ്റിയാവും ഒറിജിൻ ഒഎസ് എത്തുക. അല്ലെങ്കിൽ മെർജ് ചെയ്ത് ഒറിജിൻ ഒഎസിലെ നിരവധി അടിപൊളി ഫീച്ചറുകൾ ഫൺടച്ചിലേക്കെത്തിച്ചേക്കും. വരാനിരിക്കുന്ന എക്‌സ് 300 സീരീസ് ഫോണുകളിൽ ഒറിജിൻ ഒഎസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒരുമാസം മുമ്പ് റെഡിറ്റിലും ഇതേ വാർത്ത വന്നിരുന്നു. വിവോയുടെ സെയിൽസ് വിഭാഗത്തിലെ ജീവനക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയാണ് ആദ്യം വിവരം പുറത്തുവിട്ടത്. തങ്ങളുടെ ഒരു മീറ്റിങ്ങിൽ ഒറിജിൻ ഒഎസ് ഉടൻ ഇന്ത്യയിലെത്തിയേക്കുമെന്ന് ഉന്നതോദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി പോസ്റ്റിൽ പറയുന്നു. എന്തായാലും വിവോ ഔദ്യോഗികമായി ഇതിനെപറ്റി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഐഒഎസും വൺ യുഐയും ഓക്സിജൻ ഒഎസും കണ്ട് കൊതിക്കാനേ വിവോ/ഐക്യൂ ഉപയോക്താക്കൾക്ക് ആയിട്ടുള്ളു. കാരണം നല്ല ഒപ്റ്റിമൈസ്ഡ് ആയ ഒഎസ് ആണെങ്കിലും ഒരു ‘മോഡേൺ ഫീൽ’ ഫൺടച്ച് പരാജയമാണ്. മാത്രമല്ല, മികച്ച കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, അനിമേഷൻ എന്നിവയുടെ അഭാവം, മറ്റ് പലതിലുമുള്ള മോഡേൺ ഫീച്ചറുകളുടെ കുറവ് എന്നിങ്ങനെ നിരവധി നെഗറ്റീവ് വശങ്ങൾ ഫൺടച്ചിനുണ്ട്. കൺട്രോൾ പാനൽ മുതൽ വാൾപേപ്പർ കസ്റ്റമൈസേഷനിൽ വരെ പ‍ഴഞ്ചൻ ലുക്കും രീതികളും തുടരുന്ന ഈ ഒഎസ് കാരണം പലപ്പോ‍ഴും ഉപയോക്താക്കൾ ഫോൺ തന്നെ ഉപേക്ഷിച്ചു പോകാറുണ്ട്.

ഒറിജിൻ ഒഎസിന്റെ വരവ് ഇന്ത്യയിലെ വിവോ ഫോണുകളുടെ മാർക്കറ്റിനെ മാറ്റിമറിക്കും. ഒഎസ് കൂടി അടിപൊളി ആകുന്നതോടെ വിവോ ഫോണുകൾക്ക് ഡിമാൻഡ് കൂടും. കിടിലൻ കസ്റ്റമൈസേഷൻ ഫീച്ചറുകൾ, ആധുനിക തീമുകൾ, അനിമേഷൻ, ഐഒഎസ്, വൺ യുഐ എന്നിവയിൽ മാത്രം കിട്ടുന്ന സവിശേഷതകൾ, പുതിയ കണ്ട്രോൾ പാനൽ, ഡൈനാമിക് വാൾപേപ്പറുകൾ, എഐ സവിശേഷതകൾ ഇങ്ങനെ ഉപഭോക്താക്ക‍ളെ പുതിയ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്ന പ്രതീതിയാകും ഒറിജിൻ ഒഎസ് സൃഷ്ടിക്കുക.

ഇന്ത്യയിലേക്ക് വന്നാൽ തന്നെ, എല്ലാ ഫോണുകളിലേക്കും ആദ്യം തന്നെ വരാൻ സാധ്യതയില്ല. വിവോ, ഐക്യൂ ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ ബീറ്റ പരീക്ഷണത്തിന് ശേഷം സാവധാനമാകും മറ്റ് ഫോണുകളിലേക്കുമെത്തുക.

വിവോ x 200 സീരീസ് ഫോണുകളായ x 200, x 200 പ്രോ, x 200 എഫ് ഇ, ഐക്യൂ 13 എന്നിവയിലായിരിക്കും അപ്ഡേറ്റിലൂടെ ഒഎസ് ആദ്യമെത്തുക. വിവോ x300 പ്രോയിൽ ‘ഔട്ട് ഓഫ് ദി ബോക്സ്’ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഫോണിലേക്ക് എത്തുമ്പോൾ ഉള്ള ആശങ്കകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. ബഗ്ഗുകൾ, സ്റ്റബിലിറ്റി പ്രശ്നങ്ങൾ, ബാറ്ററി ഡ്രെയിൻ, കാമറ പെർഫോമൻസ്, ആപ്പ് ക്രാഷ് ഇങ്ങനെ നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, ദീർഘകാലമായുള്ള ആവശ്യമായതിനാൽ, മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളോടെ സ്റ്റേബിൾ ആയ ഒരു ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ആവും വിവോ ഒരുക്കുന്നതെന്ന് പ്രതീക്ഷിക്കാം.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t