തട്ടിയെടുത്ത പണം പ്രതി ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്. അഖില്‍ ആഡംബര ബൈക്കും കാറും വാങ്ങി. കൊല്ലത്ത് പുതിയ സ്ഥലം വാങ്ങാനും പണം ഉപയോഗിച്ചുവെന്നും കണ്ടെത്തി.
തട്ടിപ്പ് പുറത്തിറഞ്ഞതിന് പിന്നാലെ പ്രതി ഒളിവില്‍ കഴിഞ്ഞത് പല സ്ഥലത്താണ്. ആദ്യം കൊല്ലത്തും പിന്നീട് തമിഴ്‌നാട്ടിലും തൃശ്ശൂരിലും എറണാകുളത്തും പ്രതിയുടെ ചില ബന്ധുവീടുകളിലും ഒളിവില്‍ കഴിഞ്ഞു. പ്രതി പിടിയിലായ കൊല്ലത്തെ ലോഡ്ജില്‍ എത്തിയത് രണ്ടു ദിവസം മുമ്പ് മാത്രമാണ്.
ഒളിവില്‍ കഴിയുന്ന സമയത്ത് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍, എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല, എല്ലാം പണമിടപാടുകളും നടത്തിയത് നേരിട്ടാണെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസ് പ്രതി അഖില്‍ സി വര്‍ഗീസ് അറസ്റ്റിലായത്.
നഗരസഭയുടെ പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് പ്രതി തട്ടിയത്. കൊല്ലത്ത് നിന്നും പിടിയിലായ അഖിലിനെ കോട്ടയം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ലോഡ്ജില്‍ നിന്നുമാണ് അഖിലിനെ കോട്ടയം വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു വിവിധ ഇടങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. കുടുംബാംഗങ്ങളെ പൊലും ബന്ധപ്പെടാതെ ഒളിവ് ജീവിതം നയിച്ച അഖിലിനെ ഏറെ ശ്രമപ്പെട്ടാണ് DYSP രവികുമാര്‍ , CI മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഡംബര ജീവിതത്തിനാണ് പണം ചെലവഴിച്ചതെന്ന് പ്രതി സമ്മതിച്ചു.
2020 മുതല്‍ 23 വരെ കോട്ടയം നഗര സഭയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന സമയത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഈ വര്‍ഷം മാര്‍ച്ചിലാണ് വിജിലന്‍സിനു കൈമാറിയത്.
കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Advertisement

Advertisement

Advertisement

