breaking news New

ലോകത്തെ മുന്‍ നിര എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ ചൈനയ്ക്ക് വേണ്ടി പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

അടുത്തിടെ കമ്പനി അവതരിപ്പിച്ച എച്ച്20 ചിപ്പ് ചൈനയില്‍ വില്‍ക്കുന്നതിന് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. എച്ച് 20 ചിപ്പിനേക്കാള്‍ വില കുറഞ്ഞ പതിപ്പായിരിക്കും നിര്‍മിക്കുക. ജൂണില്‍ ചിപ്പിന്റെ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് വിവരം. എന്‍വിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെല്‍-ആര്‍ക്കിടെക്ചര്‍ എഐ പ്രൊസസര്‍ തലമുറയില്‍പെട്ട ഗ്രാഫിക് പ്രൊസസിങ് യൂണിറ്റായിരിക്കും ചൈനയ്ക്ക് വേണ്ടി നിര്‍മിക്കുക.

6500 ഡോളറിനും 8000 ഡോളറിനും ഇടയിലാവും ഇതിന്റെ വില.10000 ഡോളര്‍ മുതല്‍ 12000 ഡോളര്‍ വരെ വിലയ്ക്കാണ് എച്ച്20 ചിപ്പ് വില്‍ക്കുന്നത്. എച്ച്20 ചിപ്പിനേക്കാള്‍ സൗകര്യങ്ങള്‍ കുറവായതിനാലായിരിക്കാം ചൈനീസ് ചിപ്പിന് വില കുറയുന്നത്. തായ്‌വാൻ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കൊയുടെ അത്യാധുനിക ചിപ്പ് ഓണ്‍ വേഫര്‍ ഓണ്‍ സബ്‌സ്‌ട്രേറ്റ് പാക്കേജിങ് സാങ്കേതിക വിദ്യയും ചിപ്പിന് വേണ്ടി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. എന്‍വിഡിയ ചിപ്പുകളുടെ പ്രധാന വിപണികളിലൊന്നാണ് ചൈന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ശതമാനം വില്‍പനയും ചൈനയിലായിരുന്നു. ഏപ്രിലിലാണ് അമേരിക്ക എച്ച്20 ചിപ്പുകളുടെ ചൈനയിലെ വില്‍പന നിരോധിച്ചത്.

തുടക്കത്തില്‍ എച്ച്20 ചിപ്പിന്റെ തന്നെ ഡൗണ്‍ഗ്രേഡ് ചെയ്ത പതിപ്പ് ചൈനയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ പിന്നീട് അത് ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച എച്ച്20 ചിപ്പില്‍ ഇനി മാറ്റങ്ങള്‍ വരുത്തില്ലെന്ന് കമ്പനി മേധാവി ജെന്‍സന്‍ ഹുവാങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ ചൈനയ്ക്ക് വേണ്ടി പ്രത്യേകം ചിപ്പ് അവതരിപ്പിക്കുമെന്ന സൂചനയും ലഭിച്ചിരുന്നു.അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിപ്പിന്റെ വില്പന നിയന്ത്രിക്കുന്ന അമേരിക്കയുടെ തീരുമാനം വന്നത്. അതിന് പുറമെ എഐ രംഗത്ത് അമേരിക്കയുടെ ആധിപത്യം നിലനിര്‍ത്താനുള്ള ഉദ്ദേശ്യവുമുണ്ട്. ചൈനീസ് നിര്‍മിതമായ എഐ മോഡലുകള്‍ ഇതിനകം ആഗോളതലത്തില്‍ ശ്രദ്ധേയമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5