breaking news New

18 വർഷം ഒളിവിൽ, ഒടുവിൽ വിദേശത്ത് പിടിയിൽ ! 2008ലെ കൊലക്കേസ് പ്രതിയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പതിനെട്ട് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പിടിയിലായി. 2008ലെ കൊലപാതകക്കേസിലെ മൂന്നാം പ്രതിയായ രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് സിബിഐയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ യുഎഇയിൽ നിന്ന് പിടികൂടി കേരളത്തിലെത്തിച്ചത്.

തൃശൂർ ക്രൈംബ്രാഞ്ച് സംഘം യുഎഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ രാജ്യം വിട്ട രാഗേഷിനെ കണ്ടെത്താൻ വർഷങ്ങളായി അന്വേഷണം തുടരുകയായിരുന്നു.

2008 ഒക്ടോബർ ഒന്നിന് തിരുമംഗലം ക്ഷേത്രത്തിന് സമീപം ധനേഷ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്. 2006ൽ എങ്ങണ്ടിയൂർ ചന്തപ്പീടികയിൽ സുജിത്ത് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ധനേഷ്.

കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന രാഗേഷിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. എന്നാൽ വർഷങ്ങളോളം പ്രതിയെ കണ്ടെത്താനായില്ല.

തുടർന്ന് കേരള പൊലീസിന്റെ അഭ്യർത്ഥന പ്രകാരം സിബിഐയുടെ ഇന്റർപോൾ വിഭാഗം രാഗേഷിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നാടുകടത്തൽ നടപടികൾ പൂർത്തിയായതോടെ തൃശൂർ ക്രൈംബ്രാഞ്ച് സംഘം യുഎഇയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. പതിനെട്ട് വർഷം നീണ്ട ഒളിവുജീവിതത്തിന് ഇതോടെ അന്ത്യമായി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4