സങ്കടങ്ങൾക്കിടയിലും പൊട്ടിച്ചിരിപ്പിക്കുന്ന നടനായിരുന്നു ബഹദൂർ. ഇരുപത്തഞ്ചാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരവുമായി ബഹദൂർ എന്ന ഫോണ്ട് നിർമിച്ചിരിക്കുകയാണ്. ഫോണ്ടോളജിസ്റ്റ് ഡോ. കെ.എച്ച് ഹുസൈൻ ആണ് പുതിയ ലിപി രൂപപ്പെടുത്തിയത്.
1954 ല്‍ പ്രേംനസീർ നായകനായെത്തിയ അവകാശി എന്ന ചിത്രത്തിലൂടെയായിരുന്നു ബഹദൂറിന്റെ സിനിമ പ്രവേശനം. 1967ലെ പാടാത്ത പൈങ്കിളി എന്ന ചിത്രം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. നായര് പിടിച്ച പുലിവാല്‍, ഉണ്ണിയാര്‍ച്ച, പുതിയ ആകാശം പുതിയ ഭൂമി ,യക്ഷി, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹം ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്നു. മികച്ച ഹാസ്യ നടനുള്ളതും, രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതുമായ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. നിര്‍മാതാവായും ഒരുകൈ നോക്കി. ഒടുവില്‍ 2000 മെയ് 22ന് ഓർമിക്കാൻ ഒരുപിടി കഥാപാത്രങ്ങളെ നല്‍കി അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
ബഹദൂറിനെ കുറിച്ച് ഇന്ന് പുറത്തിറങ്ങുന്ന സ്മരണിക തയ്യാക്കിയിരിക്കുന്നത് കെ.എച്ച് ഹുസൈൻ ബഹദൂർ എന്ന ലിപിയിലാണ്. ആർട്ടിസ്റ്റ് നമ്പൂതിരിയാണ് സ്മരണികയുടെ കവർ ഡിസൈൻ ചെയ്തത്. കവർ പേജില്‍ വരച്ച അക്ഷരങ്ങളുടെ മാതൃകയിലാണ് ‘കെ.എച്ച് ഹുസൈൻ ബഹദൂർ’ ഫോണ്ട് തയ്യാറാക്കിയിരിക്കുന്നത്. രചന അക്ഷരവേദിയാണ് ബഹദൂർ ഉള്‍പ്പടെയുള്ള സ്വതന്ത്ര ഫോണ്ടുകളുടെ അണിയറക്കാർ. രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി ആണ് യൂണികോഡ് ഫോണ്ടുകള്‍ ഡിസൈൻ ചെയ്ത് സംരക്ഷിക്കുന്നത്.
മലയാള സിനിമയുടെ മറക്കാനാവാത്ത നടൻ ബഹദൂർ വിട പറഞ്ഞിട്ട് ഇന്നേക്ക് 25 കൊല്ലം തികയുന്നു
Advertisement

Advertisement

Advertisement

