വേടനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വനംവകുപ്പ് നടപടിയെടുത്തേക്കുമെന്ന് സൂചന. വേടന്റെ അറസ്റ്റില്‍ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മുഖംരക്ഷിക്കലിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് കിട്ടുന്നതിന് പിന്നാലെയാണ് നടപടി വരിക. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു നേരത്തെ വേടനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ സംഭവത്തില്‍ നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തകരും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തേ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ വനംവകുപ്പ് മന്ത്രിയോട് അതൃപ്തി വ്യക്തമാക്കിയിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ക്യാബിനറ്റ് യോഗം ചേരുന്ന അന്ന് രാവിലെ വനംവകുപ്പ മന്ത്രിയോട് പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നണിയിലെ മറ്റു കക്ഷികള്‍ക്കുമുള്ള അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നതായിട്ടാണ് വിവരം.
പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പലരും വനംവകുപ്പ നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അറസ്റ്റില്‍ നേരത്തെ വനംവകുപ്പ് മന്ത്രി തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് വേടനെതിരേ കേസെടുക്കേണ്ട സാഹചര്യമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ കേസെടുക്കേണ്ട ഗുരുതരകുറ്റമെന്നായിരുന്നു ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേ തുടര്‍ന്നായിരുന്നു വനംവകുപ്പ് അനുമതി നല്‍കിയത്. പോലീസില്‍ നിന്നും ഭിന്നമായി വനംവകുപ്പ് എടുക്കുന്ന കേസില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷമേ മറ്റു നടപടികള്‍ ഉണ്ടാകൂ. അതുകൊണ്ടു തന്നെ കൃത്യമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവു എന്നായിരുന്നു നിര്‍ദേശം.
ഇതിന് ഉദ്യോഗസ്ഥര്‍ തെളിവുകളുണ്ടെന്നു പറയുകയും അറസ്റ്റിന് അനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍ നടപടിയുമായി മുമ്പോട്ട് പോയതപ്പോള്‍ സര്‍ക്കാര്‍ തന്നെ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയിലായി. പലരും സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്ത് വന്നു. ഇതോടെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് നടത്തുന്നത്. അതേസമയം അറസ്റ്റിന് പിന്നാലെ വലിയ എതിര്‍പ്പാണ് വനംവകുപ്പിനെതിരേ ഉയര്‍ന്നത്. പുലിപ്പല്ല് ധരിച്ച് പരസ്യമായി നടക്കുന്ന സുരേഷ്‌ഗോപിക്കും ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും കിട്ടുന്ന നീതി എന്തുകൊണ്ടാണ് വേടന് ഉണ്ടാകാത്തത് എന്നതായിരുന്നു സര്‍ക്കാര്‍ നേരിട്ട പ്രധാനചോദ്യം.
കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയ വേടനെ പുലിപ്പല്ലിന്റെ കാര്യത്തില്‍ ഒരു ഇരയെകിട്ടി എന്ന തരത്തിലാണ് വനംവകുപ്പ് കൈകാര്യം ചെയ്തതെന്നാണ് സൂചന. അതേസമയം കോടനാട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഇക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. വനംവകുപ്പ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്ക് എതിരേയാകും നടപടിയുണ്ടാകുക എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്.
പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍ റാപ്പര്‍ വേടനെതിരേ കേസെടുത്ത സംഭവത്തില്‍ വനംവകുപ്പിന് നടപടി ബൂമറാംഗാകുന്നു
Advertisement

Advertisement

Advertisement

