breaking news New

പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരണമടഞ്ഞു

തെരുവുനായയുടെ കടിയേറ്റ മലപ്പുറം പെരുവള്ളൂരില്‍ സ്വദേശി സിയ ഫാരിസിന്റെ മരണം രാത്രി രണ്ട് മണിയോടെ സ്ഥിരീകരിച്ചു. കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാര്‍ച്ച് 29 ന് വീടിന് സമീപത്തുള്ള കടയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു പെണ്‍കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. കാലിലും തലയിലും പരിക്കേറ്റ കുട്ടിയെ മൂന്ന് മണിക്കൂറിനുള്ളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കിയെങ്കിലും വീണ്ടും പനിയുണ്ടാകുകയും അത് മൂര്‍ച്ഛിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

റാബിസ് വൈറസുകള്‍ സാധാരണഗതിയില്‍ തലച്ചോറിനെ ബാധിക്കുന്നതായതിനാലാണ് പ്രതിരോധ വാക്‌സിന്‍ ഫലിക്കാതെ പോയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ തലയ്ക്കും കടിയേറ്റിരുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. തലയ്‌ക്കേറ്റ പരിക്കാകാം വാക്‌സിന്‍ ഫലിക്കാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുട്ടിക്കൊപ്പം മറ്റ് അഞ്ചുപേരെയും നായ അന്നേദിവസം കടിച്ചിരുന്നു. ഇവര്‍ക്കെല്ലാം പ്രതിരോധ വാക്‌സിന്‍ നല്‍കുകയും ചെയ്തിരുന്നു.

ഐഡിആര്‍വി വാക്‌സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. നായയുടെ കടിയേറ്റ മറ്റുള്ളവരുടെ രക്തസാമ്പിളുകള്‍ കൂടി ശേഖരിച്ച് ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവ് നായയുടെ കടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിയായ റാഹിസിനും പരിക്കേറ്റിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5