breaking news New

അങ്കമാലിയിലെ ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു !!

വെണ്ടോര്‍ അളഗപ്പനഗര്‍ പഞ്ചായത്ത് സ്‌കൂള്‍ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെയും റോസ്മേരിയുടെയും മകള്‍ ഒലിവിയയാണ് മരിച്ചത്. അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും മസാല ദോശ കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ എല്ലാവര്‍ക്കും ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുണ്ടാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മരണം.

കുഞ്ഞിന്റെ പിതാവ് ഹെന്‍ട്രി ശനിയാഴ്ചയാണ് യുകെയില്‍ നിന്നെത്തിയത്. ഹെന്‍ട്രിയെ കൊണ്ടുവരാന്‍ ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഹോട്ടലില്‍നിന്ന് ഇവര്‍ മസാലദോശ കഴിച്ചത്. വീട്ടില്‍ എത്തിയതിന് പിന്നാലെ ഇവര്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുണ്ടായി.

വീട്ടിലെത്തിയതോടെ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഹെന്‍ട്രി ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഭാര്യ റോസ്മേരി, അമ്മ ഷീബ എന്നിവര്‍ക്കും ഛര്‍ദിയുണ്ടായി. പുലര്‍ച്ചെ മൂന്നോടെ ഒലിവിയയും അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ കുട്ടി കൂടുതല്‍ അവശയായതു കണ്ട് കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും കുട്ടിയുടെ നില ഗുരുതരമായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റാര്‍ക്കും ഇതുവരെ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതരും പോലീസും പറഞ്ഞു. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പുതുക്കാട് പോലീസ് നിര്‍ദേശിച്ചതനുസരിച്ച് അങ്കമാലി കരയാംപറമ്പിലെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. ഹോട്ടല്‍ അടപ്പിച്ചു.

പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. രാസപരിശോധനയ്ക്കുശേഷമേ കൂടുതല്‍ സ്ഥിരീകരണമാകൂ. മൂന്നുമാസം മുന്‍പാണ് റോസ്മേരിയും ഒലിവിയയും ബ്രിട്ടനില്‍നിന്ന് നാട്ടിലെത്തിയത്.

ഇവരെ തിരികെക്കൊണ്ടുപോകുന്നതിനായാണ് ഹെന്‍ട്രി വന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5