കൊല്ലം സ്വദേശിയായ സ്ത്രീയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. ഇന്നലെ രാവിലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കൊല്ലം സ്വദേശിനി പെരുമാറിയത്. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 120ഗ്രാം സ്വർണാഭരണത്തിന് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.
താൻ ഉപയോഗിച്ചിരുന്ന സ്വർണമാണെന്ന് സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞു. നാട്ടിൽ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോൾ ഈ സ്വർണം അണിഞ്ഞാണ് പോയതെന്നും അതിനാൽ ഡ്യൂട്ടി അടയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാൽ വിദേശത്ത് പോയപ്പോൾ സ്വർണമുള്ള കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതിന് രേഖകൾ ഇല്ലാത്തതിനാൽ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാത്തതിനാൽ സ്വർണത്തിന് രണ്ടു ലക്ഷത്തിൽ കൂടുതൽ രൂപ നികുതിയാകുമെന്ന് കസ്റ്റംസ് പറഞ്ഞു. ഇതോടെ ഇവർ കസ്റ്റംസ് ജീവനക്കാരുമായി തർക്കിക്കുകയും ആഭരണങ്ങൾ വലിച്ചൂരി കസ്റ്റംസിന്റെ മുന്നിലേക്ക് എറിയുകയും ലഗേജുകളെടുക്കാൻ നിൽക്കാതെ ടെർമിനലിന് പുറത്തേക്കിറങ്ങി പോവുകയുമായിരുന്നു. ഇതോടെ എയർകസ്റ്റംസ് വിവരം സി.ഐ.എസ്.എഫിന് കൈമാറി.
പ്രകോപിതയായി എയർപോർട്ടിന് പുറത്തേക്ക് പോയ സ്ത്രീ ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങിയെത്തി. കസ്റ്റംസ് അധികൃതരുമായി ഇവർ വീണ്ടും സംസാരിച്ചെങ്കിലും നികുതി അടയ്ക്കാതെ സ്വർണം വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിൽ കസ്റ്റംസ് ഉറച്ച് നിന്നു. തടഞ്ഞ് വച്ച സ്വർണം വീണ്ടും വിദേശത്തേക്ക് തന്നെ മടങ്ങിപോകുമ്പോൾ വിമാനത്താവളത്തിൽ വച്ച് ഇവർക്ക് തിരികെ മടക്കി നൽകുന്നതിൽ തടസമില്ലെന്നും കസ്റ്റംസ് അറിയിച്ചു. ഏറെ തർക്കങ്ങൾക്ക് ശേഷം ഇത് അംഗീകരിച്ച ഇവർ ബന്ധുക്കളുമായി മടങ്ങിപ്പോകുകയായിരുന്നു.
സ്വർണത്തിന് ഡ്യൂട്ടി അടയ്ക്കണമെന്നാവശ്യപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരേ സ്വർണാഭരണങ്ങൾ വലിച്ചെറിഞ്ഞ് സ്ത്രീ !!
Advertisement

Advertisement

Advertisement

