മല്ലപ്പള്ളി/ചെങ്ങരൂർ :
മല്ലപ്പള്ളി - തിരുവല്ല റൂട്ടിൽ ചെങ്ങരൂർ ചിറയിൽ തുടങ്ങിയ പുതിയ തട്ടുകടയിലാണ് ഈ വെറൈറ്റി "വണ്ട് ബജി" ഐറ്റം ലഭിക്കുക.
ഇന്നലെ വൈകുന്നേരം ചെങ്ങരൂർ ചിറയിലെ ഈ തട്ടുകടയിൽ നിന്നും ബജി കഴിക്കുവാൻ പോയവർക്കാണ് ഈ അനുഭവം ഉണ്ടായത്. ബജി മേടിച്ച് കഴിക്കാൻ തുടങ്ങിയപ്പോൾ അതിനുള്ളിൽ ഇരുന്ന വണ്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. കടയിലെ ആളിനെ ഇത് കാണിച്ചെങ്കിലും അദ്ദേഹം ഇതിന് വലിയ പ്രാധാന്യം കൊടുത്തില്ല. എന്തോ ഇത് സ്ഥിരമായി ബജിക്കുള്ളിൽ ചേർക്കുന്ന ഒരു ചേരുവ പോലെ എന്ന രീതിയിൽ.
എന്നാൽ പറ്റിപ്പോയ അബദ്ധത്തിൽ ഖേദിക്കുവാനോ , തെറ്റ് തിരുത്തുവാനുള്ള ഒരു മനസ്ഥിതിയോ കടയിൽ നിന്ന വില്പനക്കാരന് ഉണ്ടായില്ല. ഏറ്റവും മോശമായ കാര്യം എന്തെന്ന് വെച്ചാൽ കടക്കാരൻ ഈ വണ്ട് ബജിയുടെ പൈസ നിർബന്ധമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഈ സംഭവത്തിൽ പരാതി പോയിട്ട് ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
സാധാരണക്കാരായ ആളുകളാണ് ഇത്തരം തട്ടുകടകളെ ആശ്രയിക്കാറുള്ളത്. അവരുടെ ജീവനും ആരോഗ്യത്തിനും വിലയുണ്ട്.
അധികാരികൾ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ, ഫുഡ് സേഫ്റ്റി വകുപ്പ് തുടങ്ങിയവർ ഇതൊന്നും അറിയുന്നില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
സാധാരണക്കാരായ ആളുകളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന ഇത്തരം തട്ടുകടകൾക്കെതിരെ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

