ആത്മീയജീവിതശൈലി പിന്തുടരാൻ നിർബന്ധിച്ചതുകൊണ്ടാണ് വിവാഹമോചനം തേടുന്നതെന്ന ഭാര്യയുടെ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എം ബി സ്നേഹലത, ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വ്യക്തിപരമായ വിശ്വാസങ്ങളോ ആത്മീയതയോ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാൻ വിവാഹം അധികാരം നൽകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ആത്മീയപാത സ്വീകരിക്കാൻ ഭാര്യയെ നിർബന്ധിക്കുന്നത് മാനസിക ക്ലേശമുണ്ടാക്കുന്നതിന് തുല്യമാണ്. കുടുംബജീവിതത്തിൽ ഭർത്താവിന് താൽപ്പര്യമില്ലെങ്കിൽ അത് കാണിക്കുന്നത് വിവാഹത്തിലൂടെ ചെയ്യേണ്ട കടമകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) പ്രകാരം വിവാഹമോചനത്തിന് കാരണമായ മാനസിക ക്രൂരത ഇവിടെ ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഭർത്താവ് തന്റെ വൈവാഹിക കടമകൾ നിറവേറ്റാതിരിക്കുന്നതിലൂടെ ഇതാണ് വ്യക്തമാകുന്നത്. ഭാര്യയുടെ വാദങ്ങളെ അവിശ്വസിക്കാൻ ഒരു കാരണവുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഭർത്താവ്, കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നില്ല. പകരം ആരാധനാലയങ്ങളും ആത്മയസ്ഥലങ്ങളും സന്ദർശിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ. ഉപരിപഠനവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന തന്നെ, അതിന് സമ്മതിക്കാതെ ആത്മീയപാത തെരഞ്ഞെടുക്കാൻ നിർബന്ധിക്കുകയാണെന്നും യുവതി വിവാഹമോചനത്തിനായി നൽകിയ ഹർജിയിൽ പറയുന്നു. 2016ൽ വിവാഹിതരായ ഇവരുടെ ബന്ധം വൈകാതെ വഷളായി. 2019ൽ യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും കുടുംബബന്ധത്തിൽ ശ്രദ്ധിക്കാമെന്ന ഭർത്താവിന്‍റെ ഉറപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
എന്നാൽ വാക്കുപാലിക്കാൻ ഭർത്താവ് തയ്യാറാകാതെ വന്നതോടെ യുവതി വീണ്ടും വിവാഹമോചനത്തിന് അപേക്ഷ നൽകി. ഏറെക്കാലത്തെ വാദത്തിനൊടുവിൽ കുടുംബകോടതി 2022ൽ ഇവർക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനെ എതിർത്ത് ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി യുവതിക്ക് വിവാഹമോചനം അനുവദിച്ചത്.
ദാമ്പത്യജീവിതത്തിൽ താൽപര്യമില്ലാതെ മുഴുവൻ സമയവും ആത്മീയതയിൽ മുഴുകിയ ഭർത്താവിൽ നിന്ന് വിവാഹമോചനം വേണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു
Advertisement

Advertisement

Advertisement

