breaking news New

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം നീട്ടി സുപ്രീം കോടതി

പോക്സോ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചു. തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്.

കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്.

കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം.

തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്. കേസ് മാർച്ച് 24 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അതുവരെ അറസ്റ്റിൽ നിന്നും കൂട്ടിക്കൽ ജയചന്ദ്രന് നൽകിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടുകയും ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5