ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നത്. രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തില്‍ അനുനയനീക്കം തുടരുകയാണ്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ ആകില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ നിലപാട് അറിയിച്ചു.
സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.
ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്. കുടിശ്ശിക ലഭ്യമാക്കുക എന്നതുമാത്രമല്ല തങ്ങളുടെ ആവശ്യം. ഓണറേറിയം വര്‍ധിപ്പിക്കുക എന്നതും പ്രധാന ആവശ്യമാണെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് സംസ്ഥാന അധ്യക്ഷന്‍ വി കെ സദാനന്ദന്‍ പറഞ്ഞിരുന്നു.
ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കും : സംസ്ഥാനത്തെ എല്ലാ ആശാവര്‍ക്കര്‍മാരും സമരത്തിന് എത്തണമെന്നാണ് സമര സമിതിയുടെ ആഹ്വാനം
Advertisement

Advertisement

Advertisement

