breaking news New

മലയാള സിനിമാപ്രേമികളെ പൊട്ടിച്ചിരിപ്പിച്ച് കടന്നു പോയ കല്‍പ്പനയുടെ ഓർമ്മദിനം ഇന്ന് ...

അരനൂറ്റാണ്ടുകാലം മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന കല്‍പ്പനയുടെ നഷ്ടം നികത്താനാവാത്തതാണ്.

എ‍ഴുപതുകളുടെ അവസാനം ബാലതാരമായാണ് കൽപനയുടെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നായികയാവാന്‍ മോഹിച്ചാണ് അഭിനയരംഗത്തേക്ക് വന്നതെങ്കിലും കോമഡി കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ കല്‍പ്പന നിറഞ്ഞു നിന്നത്. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടയില്‍ മലയാളത്തിലും തമിഴിലും കൽപന തിളങ്ങി. ദക്ഷിണേന്ത്യൻ ഭാഷകളില്‍ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കൽപന 1980ൽ ജി അരവിന്ദൻ സംവിധാനം ചെയ്‌ത പോക്കുവെയിൽ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കെ. ഭാഗ്യരാജിനൊപ്പം 1985ൽ ചിന്ന വീട് എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. ഡോ പശുപതി, സതി ലീലാവതി, കളിവീട്, കുടുംബ കോടതി എന്നിവ കല്പനയുടെ അവിസ്മരണീയ ചിത്രങ്ങളാണ്.

നാടക കലാകാരന്മാരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായ കല്‍പ്പനയ്ക്ക് കല പാരമ്പര്യമായി തന്നെ ലഭിച്ച സിദ്ധിയാണ്. നടിമാരായ കലാരഞ്ജിനിയും ഉർവശിയുമാണ് കല്‍പ്പനയുടെ സഹോദരിമാര്‍.

കുടുംബകോടതി എന്ന സിനിമയിൽ കെ എസ് ചിത്രയ്‌ക്കൊപ്പം കൽപ്പന ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അവസാനകാലത്ത് കൈരളി ടിവിയിലും നിറ സാന്നിധ്യമായിരുന്നു കല്പ്പന. ആത്മ, കൊച്ചു ത്രേസ്യകൊച്ച്, ഹുക്ക ഹുവ്വ മിക്കദോ എന്നീ കൈരളി സീരിയലുകളിലും. വെള്ളിത്തിരയിലെ അമ്പിളി കല എന്നീ പ്രോഗ്രാമുകളുടെ അവതാരകയായും കൈരളിക്കൊപ്പം പ്രവർത്തിച്ചു.

അഭിനേതാവ് എന്നതിനപ്പുറം “ജനസേവ ശിശുഭവൻ” “സ്ട്രീറ്റ് ബേർഡ്സ്” “കുടുംബശ്രീ” “ലിയോ നാച്ചുറ” തുടങ്ങിയ സന്നദ്ധസംഘടനകളുടെ സജീവ പ്രവര്‍ത്തകയുമായിരുന്നു കല്‍പ്പന.

തമാശകഥാപാത്രങ്ങള്‍ക്കപ്പുറം ഗൗരവമുള്ള സ്വാഭാവ വേഷങ്ങളിലും അവസാനകാലത്ത് തിളങ്ങി. 2012ൽ തനിച്ചല്ല ഞാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. ചാര്‍ളി എന്ന സിനിമയിലെ കല്‍പ്പനയുടെ വേഷം ഇപ്പോ‍ഴും മലയാളികളുടെ മനസ്സിലെ വിങ്ങലാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5