breaking news New

ഇന്ത്യൻ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കാവുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഗുജറാത്തിലെ ജാംനഗറിലാണ് ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്‍റർ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ ആധിപത്യം ലക്ഷ്യമിട്ടാണ് അംബാനി ഡാറ്റ സെൻറ്റർ പണിയുന്നത്. എഐ സാങ്കേതികവിദ്യയിലെ മുൻനിര ആഗോള കമ്പനികളിലൊന്നായ എൻവിഡിയയിൽ നിന്ന് റിലയൻസ് സെമി കണ്ടക്ടർ ചിപ്പുകൾ ഇതിനായി വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2024 ഒക്ടോബറില്‍ മുംബൈയിൽ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്‍ററിനായി തങ്ങളുടെ ബ്ലാക്ക് വെല്‍ എഐ പ്രോസസ്സറുകള്‍ നൽകുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്.

ഇന്ത്യ സോഫ്‌റ്റ്‌വെയർ നിർമ്മിക്കുന്ന രാജ്യമായിരുന്നു. നിങ്ങൾ ഒരുപാട് സോഫ്റ്റ്‌വെയർ കയറ്റുമതി ചെയ്തു. ഭാവിയിൽ ഇന്ത്യ എഐ കയറ്റുമതി ചെയ്യാൻ പോകുകയാണ്. ഈ പുതിയ വ്യാവസായിക വിപ്ലവത്തിൻ്റെ കേന്ദ്രബിന്ദുവാകാൻ ഇന്ത്യയെ പ്രാപ്തമാക്കാൻ നിങ്ങളെല്ലാവരുമായും പങ്കാളികളാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും അന്ന് ഉച്ചകോടിയിൽ സംസാരിച്ച എൻവിഡിയ സിഇഓ ജേൻസൺ ഹുവാങ് പറഞ്ഞിരുന്നു.

‘എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തിന് മുന്‍പാകെ തുല്യത കൊണ്ടുവരാനും നമുക്ക് എഐ ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ, ഇന്ത്യയ്ക്കും ഏറ്റവും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്,’- എഐ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയില്‍ എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തെ വിവിധ ഭാഷകളില്‍ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകള്‍ നിർമ്മിക്കുന്നതിനുമുള്ള പങ്കാളിത്തവും റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പ്രഖ്യാപിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5