breaking news New

ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ കര്‍ശന നടപടികളിലേക്ക് കടക്കാനൊരുങ്ങി പൊലീസ്

ചൊവ്വാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാതിരിക്കാനുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കാനുള്ള വഴിയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.

ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന പരിപാടിക്കിടെ ലൈംഗിക അധിക്ഷേപം നടത്തിയതിന് പിന്നാലെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നും ഹണി റോസ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഇത് പ്രകാരമുള്ള വകുപ്പ് ബോബി ചെമ്മണ്ണൂരിന് എതിരെ ചുമത്തുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്.

ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്‍പ് പല അവസരങ്ങളിലായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ വീഡിയോകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ബോബിയുടെ ജാമ്യത്തെ എതിര്‍ത്ത് ഇവയെല്ലാം കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിന് എതെിരെ കേസെടുത്തിരിക്കുന്നത്.

നിലവില്‍ കാക്കനാട് ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ കഴിയുന്നത്. എറണാകുളം സിജെഎം കോടതിയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ബോബിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ബോബി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു.

ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ് ഹര്‍ജി. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേള്‍ക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5