breaking news New

പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് തറവാട്ട് വീട്ടില്‍, സംഗീത നാടക അക്കാദമയില്‍ പൊതുദര്‍ശനം ; ആദരാഞ്ജലികൾ ...

അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളത്തിന്റെ ഭാവ ഗായകന്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ ആണ് ആലപിച്ചിട്ടുള്ളത്.

പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടില്‍ നടക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് രാവിലെ പത്തുമണി മുതല്‍ പന്ത്രണ്ടരവരെ സംഗീത നാടക അക്കാദമയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.

1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രന്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5