breaking news New

ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും സന്നിധാനത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകള്‍ പരിശോധന നടത്തി : 3,91,000 രൂപ പിഴ ഈടാക്കി !!

പത്ത് ദിവസം കൊണ്ട് 420 പരിശോധനകളാണ് നടത്തിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 49 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 3.91 ലക്ഷം രൂപ പിഴയും ചുമത്തി. ചില ഇടങ്ങളില്‍ അമിത വില ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ മൂന്നു ഡ്യൂട്ടി മജിസ്ട്രേറ്റുമാര്‍ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കല്‍, നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകള്‍ വില്‍ക്കുക എന്നീ കുറ്റങ്ങള്‍ക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയില്‍ 88 പരിശോധന നടത്തി. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലില്‍ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി.

ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം ഉറപ്പാക്കുക, ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ അളവിലും തൂക്കത്തിലും തീര്‍ഥാടര്‍ക്ക് ലഭ്യമാക്കുക, അമിത വില ഈടാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ട് പരിശോധന വ്യാപകമാക്കിയതായും വരുംദിവസങ്ങളിലും തുടരുമെന്നും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായര്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ പരിശോധനയും ശക്തമാണ്. ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായര്‍, ഡ്യൂട്ടി മജിസ്ട്രേറ്റായ ഡെപ്യൂട്ടി കളക്ടര്‍ എ. വിജയന്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.കെ. ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സന്നിധാനത്തെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5