breaking news New

കോഴിക്കോട്ടെ താമരശേരിയിൽ നിന്നും വിനോദയാത്രയ്‌ക്ക് കൊച്ചിയിലെത്തിയ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 74 വിദ്യാർത്ഥികളെ എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

50 ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ 104 പേരടങ്ങിയ സംഘത്തിനാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റത്. ഇവരുടെ കെയർടേക്കർമാർക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെ ചികിത്സ തേടിയെത്തിയ ഇവരെ പുലർച്ചയോടെ അഡ്മിറ്റ് ചെയ്തു. ടൂറിസ്റ്റ് ബോട്ടിലെ ഭക്ഷണത്തിൽ നിന്നാണ് സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്.

മറൈൻഡ്രൈവിൽ സർവീസ് നടത്തുന്ന മരിയ ടൂറിസ്റ്റ് ബോട്ടിൽ നിന്നാണ് ഇവർ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ചത്. ഊണിനൊപ്പം വിളമ്പിയ മോര് കറി കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. പ്രത്യേകം സജ്ജീകരിച്ച വാർഡിലാണ് ചികിത്സ നൽകിവരുന്നത്. വിവരമറിഞ്ഞ് മെഡിക്കൽ കോളെജിൽ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകി.

ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5