breaking news New

കുറുവാ സംഘം : ആലപ്പുഴയില്‍ അറസ്റ്റിലായ സന്തോഷ് ശെല്‍വത്തിനു മാത്രമല്ല, ഭാര്യയ്‌ക്കെതിരേയും കോട്ടയം ജില്ലയില്‍ കേസ് !!

സന്തോഷിന് രാമപുരം, ചങ്ങനാശേരി, ചിങ്ങവനം സ്‌റ്റേഷനുകളിലാണു കേസുകളുള്ളത്. ഭാര്യ നാഗജ്യോതിയ്ക്കു പള്ളിക്കത്തോട് സ്‌റ്റേഷനില്‍ മോഷണക്കേസുണ്ട്. വെളിയന്നൂര്‍ പുതുവേലി ചോരക്കുഴി ഭാഗത്തു നടത്തിയ മോഷണക്കേസില്‍ സന്തോഷ് അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 28ന് പുലര്‍ച്ചെ നാലിനു സന്തോഷ് ഉള്‍പ്പെടെയുള്ള സംഘം ചോരക്കുഴിയിലെ വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന മധ്യവയസ്‌കയുടെ രണ്ടു സ്വര്‍ണ വളകള്‍ മോഷ്ടിക്കുകയായിരുന്നു. വയര്‍ കട്ടര്‍ ഉപയോഗിച്ച് വളകള്‍ അറുത്തുമാറ്റുകയായിരുന്നു. വീടിന്റെ ഗ്രില്ലും വാതിലും തകര്‍ത്താണു പ്രതികള്‍ അകത്തു കയറിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണത്തിനു പിന്നില്ലെന്നു വ്യക്തമായി. ജില്ലാ പോലീസ് മേധാവി മുന്‍കൈ എടുത്തു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു തമിഴ്‌നാട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാണ് സന്തോഷിനെയും മറ്റൊരു പ്രതിയായ വേലനെയും പിടികൂടിയത്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ചിന്നമന്നൂരില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള കാമാക്ഷിപുരം ഗ്രാമത്തില്‍ നിന്നുമാണ് ഇരുവരും പിടിയലാകുന്നത്. ഇവര്‍ ഉപയോഗിച്ച ബൈക്ക്, ആയുധങ്ങള്‍ എന്നിവയും ചിന്നമ്മന്നൂരിലെ കടയില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണവും പിടികുടിയിരുന്നു. ഈ കേസില്‍ നിന്നു ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആലപ്പുഴയില്‍ മോഷണത്തിനെത്തിയതും പിടിയിലായത്.ആക്രിമോഷണത്തിനു നാഗജ്യോതി ഉള്‍പ്പെടെ നാലു സ്ത്രീകളെ കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണു പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് ഭാഗത്തെത്തിയ സംഘം അടഞ്ഞു കിടന്ന വീട്ടില്‍ നിന്ന് ആക്രി മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്.

എറണാകുളത്തും ആലപ്പുഴയിലും കുറുവ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ജാഗ്രതയില്‍ പോലീസും ജനങ്ങളും...

രാത്രി പട്രോളിങ്ങ് ഉള്‍പ്പെടെ ശക്തമാക്കി പോലീസ് മുന്നേറുമ്പോള്‍ ആക്രി പെറുക്കാന്‍ വരുന്നവരെ പോലും സംശയത്തിലാക്കിയാണ് പലയിടങ്ങളിലും ജനങ്ങളുടെ ഇടപെടല്‍. സംശയം തോന്നുന്നവരെയെല്ലാം കുറുവാസംഘാംഗമെന്നു മുദ്ര കുത്തുന്നതായും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുന്നതായുമുള്ള കഥകളും പെരുകുകയാണ്. ഇതിനൊപ്പം, കുറുവാ സംഘത്തിനെ മറയാക്കി മോഷണത്തിനിറങ്ങുന്ന വിരുതന്‍മാരുമുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് ആലപ്പുഴ പോലീസ് പിടികൂടിയ കുറുവ സംഘാംഗമായ സന്തോഷ് ജില്ലയിലും വിവിധ മോഷണ കേസുകളില്‍ പ്രതിയാണെന്നു തിരിച്ചറിഞ്ഞതും ജാഗ്രത വര്‍ധിപ്പിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു. പ്രധാന വഴികള്‍ക്കൊപ്പം ഇടവഴികളും റെയില്‍ ലൈന്‍, മേല്‍പ്പാലങ്ങള്‍, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കല്ലുകൊത്ത്, ആക്രിപെറുക്ക് എന്നിങ്ങനെയായി പകല്‍ സമയങ്ങളില്‍ സമയം ചെലവഴിക്കുന്ന സംഘം രാത്രിയിലാണു മോഷണത്തിനിറങ്ങുക.

കുടുംബസമേതം താമസിക്കുന്ന സംഘത്തിലെ സ്ത്രീകളും തരം കിട്ടിയാല്‍ മോഷ്ടിക്കുന്നവരാണ്. പകല്‍ വീട് സ്‌കെച്ച് ചെയ്തു മോഷ്ടിക്കുന്നവരും വെറുതേ ഇറങ്ങി മോഷ്ടിക്കുന്ന കുറുവ സംഘങ്ങളുമുണ്ട്. പ്രാദേശികമായി പലപ്പോഴും സംഘത്തിനു പിന്തുണ കിട്ടുന്നതായി പോലീസിനും സംശയമുണ്ട്. സംഘത്തിനു യാതൊരു പരിചയവുമില്ലാത്ത ഗ്രാമീണ മേഖലയില്‍ പോലും മോഷണം നടത്തിയാല്‍ മണിക്കൂറുകള്‍ക്കകം പ്രതികള്‍ക്കു സംസ്ഥാനം വിടാന്‍ പോലും സൗകര്യം ഒരുങ്ങുന്നത് ഇത്തരം പ്രാദേശിക സഹായത്താലാണെന്നാണു പോലീസ് നിഗമനം. തമിഴ്‌നാട്ടിലെ തേനി, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ജില്ലയില്‍ മുന്‍കാലങ്ങളില്‍ എത്തിയിരുന്നതായി പോലീസ് പറയുന്നു. എല്ലാ വര്‍ഷവും ഇത്തരം സംഘാംഗങ്ങളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു.

അസാമാന്യ ധൈര്യവും കായിക ശേഷിയുമുള്ള സംഘം സാധാരണ പുലര്‍ച്ചെ ഒന്നിനു ശേഷമാണു മോഷ്ടിക്കുക. മുഖംമൂടിയും അടിവസ്ത്രവും മാത്രമണിഞ്ഞെത്തുന്ന സംഘം ചിലയിടങ്ങളില്‍ മറ്റൊന്നും നോക്കാതെ വാതില്‍ തകര്‍ത്ത് അകത്തു കയറി മോഷ്ടിക്കും. എതിര്‍ക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നതിനോ കൊല്ലുന്നതിനോ ഇവര്‍ക്കു മടിയുമില്ല. ഒരേ സ്ഥലത്തുള്ള ഒന്നിലേറെ വീടുകളില്‍ മോഷണം നടത്തി അതിവേഗം മുങ്ങുന്നതാണ് ഇവരുടെ രീതി. പിടിക്കപ്പെട്ടാലും ജാമ്യത്തിലിറക്കാന്‍ അഭിഭാഷകരും ജാമ്യത്തുകയുമൊക്കെ റെഡിയായിരിക്കും. ഇവരെ പിന്നീട് കണ്ടെത്താനും പോലീസിനു കഴിയാറില്ല. ജില്ലയില്‍ നിരവധി കേസുകളില്‍ തിരുട്ടു, കുറുവാ സംഘങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിലും ചുരുക്കം ചില കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5