ചങ്ങനാശ്ശേരി: വിളവെടുപ്പിന് പാകമായ 100 ഏത്തവാഴകൾ സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. തൃക്കൊടിത്താനം കോട്ടമുറി അംബിഭാഗത്ത് പുതുപറമ്പിൽ ഓമനക്കുട്ടൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിനശിപ്പിച്ചത്.
ഏകദേശം 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴകളാണ് നശിപ്പിക്കപ്പെട്ടത്. വർഷങ്ങളായി സമീപപ്രദേശങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നയാളാണ് ഓമനക്കുട്ടൻ.
കടം വാങ്ങിയും പലിശയ്ക്ക് പണം വായ്പയെടുത്തുമാണ് കൃഷി നടത്തിവന്നിരുന്നത്. വിളവെടുപ്പിന് പാകമായ ഏത്തവാഴകളും പകുതിയോളം വളർച്ചയെത്തിയ കുലകളുമാണ് അക്രമികൾ തുണ്ടംതുണ്ടമായി വെട്ടിനശിപ്പിച്ചത്. സമീപത്ത് കൃഷി ചെയ്തിരുന്ന കപ്പയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം നേരിടുന്നതെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സംഭവത്തിൽ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. കൃഷി ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കോട്ടയം ചങ്ങനാശ്ശേരിയിൽ വിളവെടുപ്പിന് പാകമായ 100 ഏത്തവാഴകൾ വെട്ടിനശിപ്പിച്ചു ; കർഷകന് 25,000 രൂപയുടെ നഷ്ടം !!
Advertisement
Advertisement
Advertisement