ചിക്കാഗോ സർവകലാശാലയുടെ ‘ക്ലൈമറ്റ് ഇംപാക്ട് ലാബ്’ ബുധനാഴ്ച പുറത്തുവിട്ട ഈ റിപ്പോർട്ട് 2027 ഫെബ്രുവരി വരെയുള്ള കാലയളവിനെയാണ് പരിഗണിക്കുന്നത്. സാധാരണ വർഷങ്ങളിൽ ഉണ്ടാകുന്ന മരണനിരക്കുമായി താരതമ്യം ചെയ്തുകൊണ്ട്, എൽ നിനോ മൂലമുണ്ടാകുന്ന അധിക ചൂട് കാരണം സംഭവിക്കാവുന്ന മരണങ്ങളുടെ കണക്കുകളാണ് ഇതിൽ വിശകലനം ചെയ്യുന്നത്.
സൂപ്പർ എൽ നിനോ പ്രതിഭാസം മൂലം അടുത്തവർഷം ഫെബ്രുവരി വരെയുള്ള 6 മാസ കാലയളവിൽ കേരളത്തിൽ 1,680 മരണങ്ങളുണ്ടാകാമെന്ന് കാലാവസ്ഥാ പ്രവചന സ്ഥാപനം ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ ഇന്ത്യയിലാകെ 15,800 പേരും ലോകമാകെ 4.51 ലക്ഷം പേരും പ്രതിഭാസത്തിന്റെ ആഘാതത്താൽ മരണമടയാമെന്നാണ് റിപ്പോർട്ട് പറയുന്നത്.
പസിഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലെ ശരാശരി സമുദ്രോപരിതല താപനില 2 ഡിഗ്രി സെൽഷ്യസോ അതിലധികമോ ഉയരുന്ന അതിശക്തമായ എൽ നിനോ അവസ്ഥയാണ് സൂപ്പർ എൽ നിനോ. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, അതിശക്തമായ ചൂട്, കൃഷിനാശം തുടങ്ങിയവയ്ക്ക് കാരണമാകാം. മരണങ്ങൾക്കു വഴിവയ്ക്കുന്നത് ഈ അവസ്ഥകളാണെന്നും റിപ്പോർട്ടിലുണ്ട്.
രാജ്യാന്തര തലത്തിൽ ഇക്കാലയളവിൽ നൈജീരിയയിൽ ആയിരിക്കും ഏറ്റവും കൂടുതൽ മരണങ്ങളെന്ന് റിപ്പോർട്ട് പറയുന്നു (31400 മരണങ്ങൾ). ഇന്ത്യ നാലാം സ്ഥാനത്താണ്. സംസ്ഥാനാടിസ്ഥാനത്തിൽ മഹാരാഷ്ട്രയാണ് പട്ടികയിൽ മുന്നിൽ. 2,640 അധിക മരണങ്ങൾ മഹാരാഷ്ട്രയിൽ പ്രവചിക്കപ്പെടുന്നു. ഒക്ടോബറിൽ മരണക്കണക്ക് ഉയർന്നുനിൽക്കുമെന്നും നവംബർ, ഡിസംബർ മാസങ്ങളിൽ കുറയുകയും പിന്നീട് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വീണ്ടും കുത്തനെ ഉയരുകയും ചെയ്തേക്കാമെന്നാണ് ഗവേഷണ റിപ്പോർട്ട് പറയുന്നത്.
ഫെബ്രുവരിയാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചേക്കാവുന്ന മാസം (4167 മരണം). അതിൽ 71 ശതമാനം ദക്ഷിണേന്ത്യയിലാണെന്നും വിശകലനം ചെയ്യപ്പെടുന്നു.
2026 ജൂണിലാണ് എൽനിനോ തുടങ്ങിയത്. ഉത്തരാർധഗോളത്തിൽ വസന്തകാലം എത്തും വരെ ഇതു നിലനിൽക്കാം. വരും മാസങ്ങളിൽ ഭൂമിയിലെ കരപ്രദേശ താപനില സാധാരണയേക്കാൾ 1.2 സെൽഷ്യസ് കൂടുതലാകാം. സാധാരണ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം കൂടുതൽ അതിശക്തമായ ചൂടുള്ള ദിവസങ്ങൾ ഇതുമൂലം ഉണ്ടാകാനും സാധ്യതയുണ്ട്. വികസ്വര രാജ്യങ്ങളെയും ആഫ്രിക്കയിലെ സഹേൽ മേഖലയെയും ഇത് അസാധാരണമാംവിധം കഠിനമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു.