breaking news New

മെറ്റായുടെ എ ഐ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവരുടെ അങ്ങേയറ്റം സ്വകാര്യവും ഗ്രാഫിക്കുമായ ദൃശ്യങ്ങൾ കമ്പനിയുടെ കരാർ ജീവനക്കാർ കണ്ടതായി വെളിപ്പെടുത്തൽ : മെറ്റാ സ്മാർട്ട് ഗ്ലാസ് ചതിച്ചോ? !!!

സ്വീഡിഷ് വാർത്താ മാധ്യമങ്ങളായ സ്വെൻസ്ക ഡാഗ്ബ്ലാഡെറ്റ് (SvD), ഗോട്ടെബർഗ്സ്-പോസ്റ്റൺ (GP) എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, നഗ്നചിത്രങ്ങൾ, ലൈംഗിക ബന്ധങ്ങൾ, ശുചിമുറി സന്ദർശനങ്ങൾ തുടങ്ങിയ സ്വകാര്യ നിമിഷങ്ങൾ ഡാറ്റാ അനോട്ടേഷൻ ജോലികൾ ചെയ്യുന്ന കരാർ ജീവനക്കാർക്ക് കാണാൻ സാധിച്ചുവെന്നാണ് ഫെബ്രുവരി അവസാനം പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റേ-ബാൻ, ഓക്ലി തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച് മെറ്റാ പുറത്തിറക്കിയ എ ഐ ഗ്ലാസുകൾ ഇന്ത്യയിലും അമേരിക്കയിലും വലിയ ജനപ്രീതി നേടിയിരുന്നു. നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും പണമിടപാടുകൾ നടത്താനും വീഡിയോകൾ ചിത്രീകരിക്കാനും സാധിക്കുന്ന ഈ ഗ്ലാസുകൾ എ ഐ അസിസ്റ്റന്റായും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഗ്ലാസ് ഓഫ് ചെയ്തെന്ന് കരുതി വെച്ചിരുന്ന സമയത്ത് അബദ്ധത്തിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങൾ പോലും കരാർ ജീവനക്കാരിലേക്ക് എത്തിയതായാണ് വിവരം. കെനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരം ജീവനക്കാർ തങ്ങൾ കാണേണ്ടി വന്ന ദൃശ്യങ്ങൾ അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നതാണെന്ന് വെളിപ്പെടുത്തി.

സംഭവം വിവാദമായതോടെ ബ്രിട്ടനിലെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് (ICO) മെറ്റായോട് വിശദീകരണം തേടി. വിവരങ്ങൾ കരാർ ജീവനക്കാർക്ക് നൽകുന്നതിന് മുമ്പ് സ്വകാര്യത ഉറപ്പാക്കാൻ ഫിൽട്ടർ ചെയ്യാറുണ്ടെന്നാണ് മെറ്റായുടെ അവകാശവാദം. എന്നാൽ ഈ വാദത്തെ സ്വീഡിഷ് മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുന്നു.

മനുഷ്യരുടെ ദൈനംദിന ജീവിതവും ജോലി സംബന്ധമായ കാര്യങ്ങളും ഇത്തരത്തിൽ കൈകാര്യം ചെയ്യപ്പെടുന്നത് വലിയ സുരക്ഷാ ആശങ്കകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സ്മാർട്ട് ഗ്ലാസുകളിലൂടെയുള്ള സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t