breaking news New

ഡിജിറ്റൽ ലോകത്തെ ഉള്ളടക്ക സ്രഷ്ടാക്കൾക്കും, വാർത്താ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് അർഹമായ വിഹിതം നൽകണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹിയിൽ നടന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (DNPA) കോൺക്ലേവ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ മാധ്യമങ്ങൾ, ഇൻഫ്ലുവൻസർമാർ, വിദൂര പ്രദേശങ്ങളിൽ ഇരുന്നുകൊണ്ട് കണ്ടന്റ് നിർമ്മിക്കുന്നവർ, ഗവേഷകർ തുടങ്ങി പ്ലാറ്റ്‌ഫോമുകൾക്ക് വരുമാനം നേടിക്കൊടുക്കുന്ന എല്ലാവർക്കും നിയമപരമായി തന്നെ പണം പങ്കിടാനുള്ള സുതാര്യമായ സംവിധാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് പ്ലാറ്റ്‌ഫോമുകൾ പുലർത്തുന്ന ലാഘവബുദ്ധിക്കെതിരെയും മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. കേവലം വരുമാനം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം കമ്പനികൾ ഏറ്റെടുക്കണം.

കുട്ടികളുടെയും സാധാരണ പൗരന്മാരുടെയും ഓൺലൈൻ സുരക്ഷ ഉറപ്പാക്കേണ്ടത് ഈ കമ്പനികളുടെ കടമയാണ്. സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ വാർത്തകൾക്കും ഡീപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യയിലൂടെ നിർമ്മിക്കപ്പെടുന്ന വ്യാജ ഉള്ളടക്കങ്ങൾക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് അശ്വിനി വൈഷ്ണവ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ നമ്മുടെ സാമൂഹിക മൂല്യങ്ങളെയും സ്ഥാപനങ്ങളെയും തകർക്കുകയാണ്.

അശ്ലീലത, കൃത്രിമമായി നിർമ്മിച്ച വ്യാജ വിവരങ്ങൾ എന്നിവയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ നിർണ്ണായകമായ നീക്കങ്ങൾ ആവശ്യമാണെന്നും, ഈ വിഷയത്തിൽ പ്ലാറ്റ്‌ഫോമുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t