പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും, എന്നാൽ ആ വിവരം മറച്ചുവെച്ചുവെന്നുമുള്ള ആരോപണങ്ങളാണ് ഒരു കേസ് പരിഗണനയിൽ വരുന്നത്. യുഎസ് സ്കൂൾ ഡിസ്ട്രിക്റ്റുകൾ മെറ്റയ്ക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്കുമെതിരെ ഫയൽ ചെയ്ത ക്ലാസ്-ആക്ഷൻ കേസിനോടനുബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തൽ. കേസ് ഫയലിംഗുകളിൽ ഉൾപ്പെട്ട രേഖകൾ പ്രകാരം മെറ്റ 2020-ൽ നീൽസണുമായി ചേർന്ന് ‘പ്രോജക്റ്റ് മെർക്കുറി’ എന്ന കോഡ് പേരിൽ ഒരു രഹസ്യ പഠനം നടത്തിയെന്നും പിന്നീട് അത് നിർത്തലാക്കിയെന്നും ആരോപണം.
ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിൽ ഉണ്ടാകുന്ന മാറ്റം വിലയിരുത്തുക എന്നതായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. പഠനത്തിൽ പങ്കെടുത്തവർ ഒരു ആഴ്ചക്കാലത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിച്ചതിന്റെ ഫലമായി വിഷാദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങി മാനസികാരോഗ്യ പ്രശ്നങ്ങൾ കുറയുന്നുവെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകൾ പൊതുജനങ്ങൾക്കറിയാമെങ്കിൽ മെറ്റയ്‌ക്ക് തിരിച്ചടിയാകുമെന്ന് കമ്പനി അകത്ത് തന്നെ വിലയിരുത്തിയതായി രേഖകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനെ തുടർന്നാണ് പഠനം അവസാനിപ്പിക്കുകയും കണ്ടെത്തലുകൾ പുറത്തുവിടാതിരിക്കുകയും ചെയ്തത്.
അതേസമയം, മെറ്റയുടെ ചില ജീവനക്കാർ ഈ കണ്ടെത്തലുകൾ അവഗണിച്ച നടപടി യോജിച്ചതല്ലെന്ന ആശങ്ക ഉയർത്തി. നെഗറ്റീവ് കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാതിരിക്കുക പുകയില കമ്പനികൾ സിഗരറ്റുകളുടെ ആരോഗ്യഹാനികൾ മറച്ചുവെച്ച ചരിത്രവുമായി സാമ്യമാണെന്ന് ഒരാൾ രേഖപ്പെടുത്തിയിരുന്നു. ചില ജീവനക്കാർ മെറ്റയുടെ പൊതുനയ വിഭാഗം മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് ഈ പഠനത്തിന്റെ നിഗമനങ്ങൾ ശാസ്ത്രീയമായി ശരിയാണെന്നും അവ ഗൗരവത്തിൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി രേഖകൾ സൂചിപ്പിക്കുന്നു.
മെറ്റയ്ക്കും മറ്റു സോഷ്യൽ മീഡിയ കമ്പനികൾക്കും എതിരേ ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ പരോക്ഷമായി പ്ലാറ്റ്‌ഫോമിൽ ആകർഷിക്കുക, സ്കൂൾ സമയത്ത് ഉപയോഗം വർധിപ്പിക്കാൻ ആൽഗോരിതമുകൾ ഉപയോഗിക്കുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കം തടയുന്നതിൽ പരാജയപ്പെടുക തുടങ്ങിയവ ഉൾപ്പെടെ നിരവധി ഗൗരവമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. കൂടാതെ, തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്ന് തെളിയിക്കാൻ കുട്ടികളെ കേന്ദ്രീകരിച്ചുള്ള സംഘടനകൾക്ക് പണം നൽകാൻ ശ്രമിച്ചുവെന്നതും മറ്റൊരു പരാതി ആണ്. ഈ വിവാദങ്ങൾക്കെതിരെ മെറ്റ ഇപ്പോഴും നിയമ-സാമൂഹിക സമ്മർദ്ദം നേരിടുന്നു.