ക്ഷേത്രദര്‍ശനം നടത്തിയും പടക്കം പൊട്ടിച്ചും പരസ്പരം മധുര പലഹാരങ്ങള്‍ സമ്മാനിച്ചുമാണ് മലയാളികള്‍ ദീപാവലിയെ വരവേല്‍ക്കുന്നത്.
ദീപാവലിയെന്നാല്‍ ദീപങ്ങളുടെ ഉല്‍സവം. പേരു പോലെ തന്നെ ദീപാവലിയെ അക്ഷരാര്‍ഥത്തില്‍ വെളിച്ചത്തിന്റെ ഉല്‍സവമാക്കി മാറ്റുകായാണ് വിശ്വാസികള്‍. വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം പടക്കം പൊട്ടിക്കുന്ന തിരക്കിലായിരിക്കും ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ.
തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.
ദീപാവലിയെ ചുറ്റിപറ്റി ധാരാളം ഐതീഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ശ്രീരാമന്‍ 14വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. രാവണവധത്തിന് ശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ രാമനെയും സീതയെയും ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ വരവേറ്റതിന്റെ സ്മരണ പുതുക്കലാണ് ദീപാവലിയെന്നതാണ് ഈ വിശ്വാസം. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണെന്നുമുള്ള ഐതീഹ്യങ്ങളും ദീപാവലിയെ ചുറ്റിപറ്റി നിലനില്‍ക്കുന്നുണ്ട്.
ഉത്തരേന്ത്യയിലാണ് ദീപാവലിയുടെ തിളക്കം കൂടുക. ഇന്നലെ കേരളത്തിലെ പടക്കകടകളിലെല്ലാം നല്ല തിരക്കായിരുന്നു, മത്താപ്പും തറച്ചക്രവും കമ്പിത്തിരിയും കത്തിച്ച് ഇന്ന് ദീപാവലിയുടെ ആഘോഷപ്പൂരമൊരുക്കും. മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് മലയാളികള്‍ ദീപാവലിയെ കൂടുതല്‍ മധുരതരമാക്കുന്നത്. വ്യത്യസ്തമായ പുതിയ വിഭവങ്ങള്‍ ദീപാവലിക്കായി പലഹാരക്കടകളില്‍ നേരത്തെ എത്തിയിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടാകും.