2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, നവ ഭാരതമെന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍. രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചാണ് ചെങ്കോട്ടയിലെത്തുക.
ചെങ്കോട്ടയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സല്യൂട്ട് ബേസിലേക്ക് കൊണ്ടുപോകും, ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. കര, നാവിക, വ്യോമ സേന, ദല്‍ഹി പോലീസ് എന്നിവയില്‍ നിന്നുള്ള 96 പേര്‍ അടങ്ങുന്ന സംഘത്തിന്റേതാണ് ഗാര്‍ഡ് ഓഫ് ഓണര്‍. വിങ് കമാന്‍ഡര്‍ എ.എസ്. സെഖോണ്‍ ആണ് ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം നല്കുക.
ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് പ്രധാനമന്ത്രി കോട്ടവാതിലിലേക്ക് നീങ്ങും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. ഗണ്‍ സല്യൂട്ടിന്റെ അകമ്പടിയോടെ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തും. വ്യോമസേനയുടെ രണ്ട് എംഐ17 ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പവൃഷ്ടി നടത്തും. ഇതില്‍ ഒന്ന് ദേശീയ പതാകയെ വലയം ചെയ്യും. മറ്റൊന്ന് ഓപ്പറേഷൻ സിന്ദൂറിനായി ചിത്രീകരിച്ച പതാകയെയും വലയം ചെയ്യും. വിങ് കമാന്‍ഡര്‍ തരുണിന്റെ നേതൃത്വത്തിലുള്ള 128 പേരുടെ ദേശീയ പതാക ഗാര്‍ഡ് സല്യൂട്ട് നല്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാഷണല്‍ കേഡറ്റ് കോറും (എന്‍സിസി) മൈ ഭാരത് വോളന്റിയര്‍മാരും ചേര്‍ന്ന് ദേശീയ ഗാനം ആലപിക്കും.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയവും ആഘോഷിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലോഗോയും നവ ഭാരതത്തെ പ്രതിനിധാനം ചെയ്ത് ചെനാബ് പാലത്തിന്റെ വാട്ടര്‍മാര്‍ക്കും ഉള്‍പ്പെടുത്തിയാണ് സ്വാതന്ത്ര്യദിനാഘോഷ ക്ഷണക്കത്തുകള്‍. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള 5000 വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്കായി ദല്‍ഹി മെട്രോ പുലര്‍ച്ചെ നാലിന് സര്‍വീസുകള്‍ ആരംഭിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി 140ലധികം സ്ഥലങ്ങളില്‍ ബാന്‍ഡ് പ്രകടനങ്ങള്‍ നടത്തും.
