breaking news New

കൊവിഡിന് ശേഷം ആഗോള തലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.8 വര്‍ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് !!!

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. കൊവിഡ് ജീവന്‍ എടുക്കുക മാത്രമല്ല ജീവിത നിലവാരത്തെ കാര്യമായി ബാധിച്ചുവെന്നും വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2025 റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-21 കാലത്ത് ജനങ്ങളിലുണ്ടായ വര്‍ദ്ധിച്ച ഉത്കണ്ഠയും വിഷാദവുമാണ് ആയുര്‍ദൈര്‍ഘ്യം കുറയാനുള്ള കാരണങ്ങളിലൊന്ന്. പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ കുറയ്‌ക്കുന്നതില്‍ മുമ്പ് കൈവരിച്ചിരുന്ന പല നേട്ടങ്ങളെയും ഈ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ പുരോഗതി കൈവരിക്കുന്ന കാര്യത്തില്‍ സമൂഹം ഇപ്പോഴും രണ്ട് തട്ടായിത്തന്നെ തുടരുന്നു. ഒരുഭാഗത്ത് മികച്ച വായു ഗുണനിലവാരവും വെള്ളവും ശുചിത്വവും ലഭിച്ച് 140 കോടിയിലധികം ആളുകള്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നു. അതേസമയം, ചില മേഖലകളില്‍ ഇവയെല്ലാം ആശങ്കാജനകമായി തന്നെ തുടരുകയാണ്. ഏകദേശം 43.1 കോടി ആളുകള്‍ക്ക് മാത്രമാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാതെ ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ, 63.7 കോടി ആളുകള്‍ക്ക് മാത്രമാണ് ആരോഗ്യ അടിയന്തര സാഹചര്യങ്ങളില്‍ മികച്ച സംരക്ഷണം ലഭിച്ചത്. ഇത് ആഗോളതലത്തില്‍ ആരോഗ്യരംഗം കൈവരിക്കുമെന്ന് പ്രതീക്ഷിച്ച ലക്ഷ്യങ്ങളിലും വളരെ താഴെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതിന് പുറമെ, മാതൃ-ശിശു മരണങ്ങള്‍ വേണ്ടത്ര വേഗത്തില്‍ കുറയുന്നില്ലെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. 2000നും 2022 നും ഇടയില്‍ മാതൃമരണങ്ങള്‍ 40 ശതമാനത്തിലധികവും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങള്‍ പകുതിയിലധികവും കുറഞ്ഞിരുന്നു. എന്നാല്‍, ഈ പുരോഗതി ഇപ്പോള്‍ നിലച്ചിരിക്കുന്നു. മതിയായ ഫണ്ടില്ലാത്തത്, പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ്, വാക്‌സിനേഷന്‍, സുരക്ഷിതമല്ലാത്ത പ്രസവം തുടങ്ങിയ പ്രശ്നങ്ങളാണ്
ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉടനടി നടപടിയുണ്ടായില്ലെങ്കില്‍ 2030ഓടെ 7,00,000 മാതൃ മരണങ്ങളും 80 ലക്ഷം ശിശു മരണങ്ങളും ലോകത്ത് ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5