ഒരു മാസക്കാലം അന്നപാനീയങ്ങൾ വെടിഞ്ഞും മറ്റ് ആരാധനാ കർമങ്ങളിൽ മുഴുകിയും നേടിയെടുത്ത ആത്മചൈതന്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്വർ. സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനം. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് നിസ്‌കാരത്തിൽ പങ്കാളികളായും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടുന്നു.
സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് ഈദ്. വ്രതത്തോടൊപ്പം ഖുർആൻ പാരായണവും ഇഅ്തികാഫും നിർബന്ധിത ഫിത്തർ സകാത്തും നിർവഹിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനും ജീവിതയാത്രയിൽ സംഭവിച്ച പാപങ്ങൾ കഴുകിക്കളയാനും വിശ്വാസികൾ റമസാനിന്റെ പകലിരവുകളിൽ ഹൃദയമുരുകി പ്രാർഥിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുത്തതിന്റെ തിളക്കം കൂടിയുണ്ട് ഈദുൽ ഫിത്വറിന്.
ദുരിത ജീവിതം നയിക്കുന്നവർക്കും പ്രയാസം അനുഭവിക്കുന്നവർക്കും സാന്ത്വനമേകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനുമാകണം ഇത്തരം ആഘോഷങ്ങൾ ഉപയോഗപ്പെടുത്തേണ്ടതെന്ന സന്ദേശമാണ് പെരുന്നാൾ നൽകുന്നത്.
എല്ലാ പ്രിയപ്പെട്ടവർക്കും സി മീഡിയാ ടീമിൻറെ ഈദ് മുബാറക്.
