breaking news New

കേരളം താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകളിലെന്ന് സി ആൻഡ് എ ജി റിപോർട്ട് !!!

കേരളത്തിന്റെ പൊതുകടം 2018-19 കാലയളവിൽ 2.41 ലക്ഷം കോടിയിൽ നിന്ന് അവസാന അഞ്ച് വർഷ കാലയളവിൽ 53.35 ശതമാനം വർധിച്ച് 2022-23 ൽ 3.70 ലക്ഷം കോടിയായതായി ചൂണ്ടിക്കാട്ടുന്ന സി എ ജി റിപോർട്ട് നിയന്ത്രണമില്ലാതെ കടമെടുക്കുന്നതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും വിശദീകരിക്കുന്നു. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും അടക്കം കടമെടുപ്പ് കൂടി കൂട്ടിയാൽ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത നാല് ലക്ഷം കോടിയിലെത്തും. 2023 മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ച് തയ്യാറാക്കിയ റിപോർട്ട് ഇന്നലെ ധനമന്ത്രിയാണ് നിയമസഭയിൽ വെച്ചത്.

2018-19 മുതൽ 2022-23 വരെയുള്ള കാലയളവിൽ പൊതുകടം 79,766.53 കോടിയായി വർധിച്ചു. ആഭ്യന്തര കടം ഇക്കാലയളവിൽ 76,146.04 കോടി വർധിച്ചു. കേന്ദ്ര സർക്കാരിൽ നിന്നുള്ള വായ്പകളിലെ വർധന 3,620.49 കോടിയും. അഞ്ച് വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ പൊതുകടം 1,58,234.45 കോടിയിൽ നിന്നും 2,52,506.28 കോടിയായി ഉയർന്നു. കടമെടുപ്പ് വഴിയുള്ള വരുമാനത്തിലെ 76.49 ശതമാനം മുതൽ 97.88 ശതമാനം വരെ കടത്തിന്റെ തിരിച്ചടവിനാണ് വിനിയോഗിച്ചതെന്നും റിപോർട്ട് പരാമർശിക്കുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി എസ് ഡി പി) 8.69 ശതമാനം വർധനയെന്ന് സി എ ജി റിപോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2018-19ലെ 7,88,286 കോടിയിൽ നിന്നും 8.69 ശതമാനം വർധിച്ച് 2022-23ൽ 10,46,188 കോടിയായി. റവന്യൂ വരവുകൾ ഇതേ കാലയളവിൽ 92,854.47 കോടിയിൽ നിന്നും 1,32,724.65 കോടിയായി ഉയർന്നു. റവന്യൂ വരവുകൾ ഇക്കാലയളവിൽ 1,16,640.24 കോടിയിൽ നിന്നും 13.79 ശതമാനം വർധിച്ച് 1,32,724.65 കോടിയായി. തനത് നികുതി വരുമാനം 2021-22ലെ 58,340.52 കോടിയിൽ നിന്നും 23.36 ശതമാനം വർധിച്ച് 2022-23ൽ 71,968.16 കോടിയായി. നികുതിയേതര വരുമാനം ഇതേ കാലയളവിൽ 10,462.51 കോടിയിൽ നിന്നും 15,117.96 കോടിയായി.

അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2021-22 ലെ 1,163, 225.53 കോടിയിൽ നിന്നും 2.75 ശതമാനം കുറവ് രേഖപ്പെടുത്തി. 2022-23ൽ 1,58,738.42 കോടിയായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ സംസ്ഥാന സർക്കാരിന്റെ നിക്ഷേപം 2021-22 ലെ 9,767.48 കോടിയിൽ നിന്ന് 2022-23ൽ 10,602.67 കോടിയായി വർധിക്കുകയും ചെയ്തു റവന്യൂ ചെലവ് ഇക്കാലയളവിൽ 1,46,119.51 കോടിയിൽ നിന്ന് 2.89 ശതമാനം കുറഞ്ഞ് 2022-23ൽ1,41,950.93 കോടിയായി.മൂലധനചെലവ് 2021-22ലെ14,19173 കോടിയിൽ നിന്ന് 2022-23ൽ 13,996.56 കോടിയായി കുറഞ്ഞു.

സംസ്ഥാന സമ്പദ്ഘടന വിലയിരുത്തിയ 2022 -23 ലെ സി എ ജി റിപോർട്ടിൽ കിഫ്ബിയും പെൻഷൻ കമ്പനിയും ബാധ്യത തന്നെയെന്ന് വ്യക്തമാക്കുന്നു. ഓഫ് ബജറ്റ് കടമെടുപ്പുകൾ എന്ന് വിശേഷിപ്പിച്ചാണ് കിഫ്ബി വായ്പ പരാമർശിക്കുന്നത്.

തിരിച്ചടവ് ഉത്തരവാദിത്വം സർക്കാറിന് തന്നെയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്നും റിപോർട്ടിലുണ്ട്. സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണ്. ഇതിൽ 44 സ്ഥാപനങ്ങളുടെ തനി മൂല്യം നെഗറ്റീവായി. പൊതുമേഖലാ സ്ഥാപനങ്ങൾ വഴി 8058.91 കോടി രൂപ കടമെടുത്തതായും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5