വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ (wwf) ലിവിംഗ് പ്ലാനറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജി20 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യയുടെ മാതൃക പിന്തുടരുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ഭക്ഷ്യോത്പാദനത്തെ പിന്തുണയ്ക്കുന്നതിന് ഭൂമിക്ക് ഏറ്റവും കുറഞ്ഞ രീതിയിലുള്ള നാശമാണ് ഉണ്ടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണ ഉപഭോഗ രീതിയിൽ ഇന്ത്യയ്ക്ക് പിന്നാലെ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ സ്വന്തമാക്കിയത് ഇന്തൊനീഷ്യയും ചൈനയുമാണ്.
ലോകത്ത് എല്ലാവരും ഇന്ത്യക്കാരുടെ ഭക്ഷണരീതികള്‍ പിന്തുടരുകയാണെങ്കില്‍ ആഹാര ഉത്പാദന ആവശ്യങ്ങള്‍ക്കായി ഈ ഭൂമി ധാരാളമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തില്‍ ഇന്ത്യ നടപ്പാക്കുന്ന മില്ലറ്റ് ക്യാംപയിനെയും റിപ്പോര്‍ട്ട് പ്രശംസിക്കുന്നുണ്ട്. മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുഗുണമായ സമീപനമാണിതെന്നും റിപ്പോർട്ട് പറയുന്നു.
അര്‍ജന്റീന, ഓസ്‌ട്രേലിയ, യുഎസ് എന്നിവടങ്ങളിലെ ഭക്ഷണ ഉപഭോഗരീതിയാണ് ഏറ്റവും മോശമെന്നും ഇത് ആഗോള താപന പരിധി ലംഘിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രീതിയില്‍ ലോകം മുന്നോട്ട് പോയാല്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം വര്‍ധിക്കും. ഇത് ആഗോള താപനിലവര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ ചുരുക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നത് തടസ്സമാകും. അങ്ങനെയെങ്കില്‍ ആഹാര ഉത്പാദനത്തിനായി ഒരു ഭൂമി മതിയാകാതെ വരുമെന്നും പകരം ഏഴ് ഭൂമി ആവശ്യമായി വന്നേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.