രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ, രാജ്ഘട്ടിലെത്തി ആദരം അർപ്പിക്കും.
രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എല്ലാം പത്യേക ആഘോഷങ്ങളും നടക്കും. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തും വിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി മുന്നോട്ടുവെക്കുന്നത്. ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല’ എന്നു വിശേഷിപ്പിക്കുന്നത് ഇതിനാലാണ്. “ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്”, ഗാന്ധി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 വർഷത്തോളം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്നങ്ങൾക്ക് നേതൃത്വം നൽകി.
സത്യഗ്രഹം സമരമാർഗമാക്കി. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചു. ഗാന്ധിജിക്ക് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.
ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.