തിരുവനന്തപുരം : വയോജന സംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ വയോജന മെയിന്റനന്‍സ് ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന പരാതികളുടെ കണക്കുകള്‍ ഏതൊരു മലയാളിയെയും നാണിപ്പിക്കുന്നതാണ്.
സ്വന്തം മക്കള്‍ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭൂരിഭാഗം മാതാപിതാക്കളും വീടും സ്വത്തും മക്കളുടെ പേരിലേക്ക് ആധാരം ചെയ്തു നല്‍കിയത്. എന്നാല്‍ സ്വത്ത് കയ്യില്‍ കിട്ടിയതോടെ മാതാപിതാക്കള്‍ ഇവര്‍ക്ക് ഭാരമായി മാറി. സംരക്ഷണം ലഭിക്കാതെ വന്നതോടെ നിയമത്തിന്റെ കൈത്താങ്ങ് തേടി ഇവര്‍ ട്രൈബ്യൂണലുകളെ സമീപിക്കുകയായിരുന്നു.
2007-ല്‍ നിലവില്‍ വന്ന സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ സെക്ഷന്‍ 23 പ്രകാരം ശക്തമായ നടപടികളാണ് ട്രൈബ്യൂണല്‍ സ്വീകരിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിക്കാമെന്ന വ്യവസ്ഥയില്‍ എഴുതിക്കൊടുത്ത സ്വത്തുക്കള്‍, സംരക്ഷണം നല്‍കിയില്ലെങ്കില്‍ റദ്ദാക്കാന്‍ ഈ വകുപ്പ് അനുശാസിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരം 135 കേസുകളില്‍ ട്രൈബ്യൂണല്‍ ഇടപെട്ട് മക്കള്‍ തട്ടിയടുത്ത സ്വത്ത് റദ്ദാക്കുകയും നിയമപരമായി മാതാപിതാക്കളുടെ പേരില്‍ തന്നെ തിരിച്ചെഴുതി നല്‍കുകയും ചെയ്തു! ഇതിനുപുറമേ, 1050 കേസുകളില്‍ മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധിയും ട്രൈബ്യൂണലുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മക്കളെ സ്വന്തം സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ പോലും വയോജന ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് രണ്ടാഴ്ച മുന്‍പ് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഫോര്‍ട്ട് കൊച്ചി ട്രൈബ്യൂണലിലാണ്.
അതേസമയം,
നിയമവും വിധാനങ്ങളും ഉണ്ടെങ്കിലും വയോജനങ്ങളുടെ നീതിക്കായുള്ള കാത്തിരിപ്പ് പലപ്പോഴും നീളുകയാണ്. സംസ്ഥാനത്തെ 27 വയോജന മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലും ആര്‍.ഡി.ഒമാരാണ് ഹിയറിങ് നടത്തുന്നത്. എന്നാല്‍ ക്രമസമാധാനം, ദുരന്തനിവാരണം തുടങ്ങിയ മറ്റു ഒട്ടേറെ ഔദ്യോഗിക തിരക്കുകളുള്ളതിനാല്‍ പ്രതിമാസം 10 മുതല്‍ 15 വരെ പരാതികളില്‍ മാത്രമാണ് ഹിയറിങ് നടക്കാന്‍ സാധിക്കുന്നത്.
കേസുകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടാകുന്ന ഈ ഭീമമായ കാലതാമസം ഒഴിവാക്കാന്‍ ഹിയറിങ് നടത്താനുള്ള അധികാരം റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് നല്‍കണമെന്ന നിര്‍ണ്ണായക ശുപാര്‍ശ ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ ഭരണനേട്ടങ്ങള്‍ക്കിടയിലും, പവിത്രമെന്ന് കരുതുന്ന കുടുംബബന്ധങ്ങളിലെ ഈ തകര്‍ച്ചയും മാതാപിതാക്കളോട് മക്കള്‍ കാട്ടുന്ന ക്രൂരതയും കേരളീയ സമൂഹത്തിന് വലിയൊരു അപമാനമായി മാറുകയാണ്.
ട്രൈബ്യൂണലുകളിലെ പ്രധാന കണക്കുകള്‍ ഇങ്ങനെ:
ഫോര്‍ട്ട് കൊച്ചി: 2602 പരാതികള്‍
ചെങ്ങന്നൂര്‍: 416 പരാതികള്‍
കൊല്ലം: 389 പരാതികള്‍
ആലപ്പുഴ: 389 പരാതികള്‍
മൂവാറ്റുപുഴ: 348 പരാതികള്‍
പുനലൂര്‍: 259 പരാതികള്‍